പാലാ: നഗരസഭയിലെ ഏറ്റവും ശ്രദ്ധേയമായ വാർഡായ ടൗൺ വാർഡ് എന്നും കരുത്തൻമാരുടെ വാർഡായിരുന്നു. തോമസ് ജോസഫ് കൊട്ടുകാപ്പള്ളി, ബാബു മണർകാട്ട്, സന്തോഷ് മണർകാട്ട്, ജോർജ് സി.കാപ്പൻ, മാണി സി.കാപ്പൻ തുടങ്ങിയവർ പൊരുതി വിജയിച്ച വാർഡാണിത്. അതിന്റെ പ്രത്യേകതകളും ടൗൺ വാർഡിനുണ്ട്. ഇത്തവണയും ശ്രദ്ധേയമായ മത്സരത്തിനാണ് വാർഡ് വേദിയാകുന്നത്.

മുൻ നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോയാണ് ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥി. മുൻപ് ബിജിയുടെ ഭർത്താവ് ജോജോ കുടക്കച്ചിറയും ഇവിടെ കൗൺസിലറായിരുന്നു. ഈ വാർഡിൽ നിന്ന് വിജയിച്ചാണ് ബിജിയും കഴിഞ്ഞ തവണ ചെയർപേഴ്‌സണായത്. 4 മാസം മുമ്പുവരെ കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമായിരുന്ന മുൻ പാലാ മണ്ഡലം സെക്രട്ടറികൂടിയായിരുന്ന ജോഷി വട്ടക്കുന്നേലാണ് ഇത്തവണ ജോസഫ് വിഭാഗത്തിന്റെ പ്രതിനിധിയായി യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. പാലാ ടൗണിന്റെ ഓരോ സ്പന്ദനങ്ങളും തൊട്ടറിയുന്ന പാലായിലെ മാധ്യമ പ്രവർത്തകൻ ജോണി പന്തപ്ലാക്കൽ ഇവിടെ സ്വതന്ത്രനായി മത്സരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ബി.ജെ.പിക്ക് ഈ വാർഡിൽ സ്ഥാനാർത്ഥിയില്ല. സ്വതന്ത്രൻ നിസാരക്കാരനല്ലെന്നതാണ് മുന്നണികൾക്ക് തലവേദന. 42 വർഷമായി പാലാ ടൗണും ടൗണിലെ വീടുകളുമായി നേരിട്ടു ബന്ധപ്പെട്ടുമാണ് ജോണി പന്തപ്ലാക്കന്റെ ജീവിതം. പാലായിലെ ഏറ്റവും പ്രധാന പത്ര ഏജൻസി ഉടമയാണ്. വാർഡിലുള്ളവരെല്ലാം പത്രത്തിന്റെ വരിക്കാർ. പത്രവിതരണത്തിലൂടെ വളർന്ന സ്‌നേഹബന്ധം വോട്ടാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് ജോണി പന്തപ്ലാക്കൽ.

അതേസമയം, ശക്തമായ പോരാട്ടം തന്നെയാണ് ബിജി ജോജോ കുടക്കച്ചിറയും ഇവിടെ നടത്തുന്നത്. നാട്ടുകാർക്ക് വീട്ടുകാരി തന്നെയാണ് ബിജി ജോജോ.യു.ഡി.എഫ് സ്ഥാനാർഥി ജോഷി വട്ടക്കുന്നേലും ഒപ്പത്തിനൊപ്പം ഇവിടെ മാറ്റുരയ്ക്കുന്നു. പാലാ ടൗണിൽ സജീവ സാന്നിധ്യമായ ജോഷിയും നാട്ടുകാർക്ക് പ്രിയങ്കരൻ തന്നെ.