vykom

കോട്ടയം: നിയമസഭയായാലും ജില്ലാ പഞ്ചായത്തായാലും ഇടതു തിരിഞ്ഞേ വൈക്കം നിൽക്കാറുള്ളൂ. എന്നാൽ ഇക്കുറി അതിനൊരു മാറ്രമുണ്ടാക്കാൻ യു.ഡി.എഫും എൻ.ഡി.എയും ശക്തരായ സ്ഥാനാർത്ഥികളുമായി കളത്തിലുണ്ട്.
വൈക്കം നഗരസഭ ഇടതിന് അത്ര ഉറച്ച കോട്ടയല്ല. നഗരമനസ് എങ്ങോട്ടും ചായും. എതിരാളികളെ നിഷ് പ്രഭമാക്കുന്ന വിജയങ്ങൾ പലതും നേടിയിട്ടുണ്ടെന്നതാണ് ഇടതുമുന്നണിയെ വൈക്കം ഡിവിഷനിൽ സന്തോഷിപ്പിക്കുന്ന ഘടകം. സി.പി.ഐയ്ക്കു ശക്തമായ വേരോട്ടമുള്ള ഡിവിഷൻ കൂടിയാണ് വൈക്കം. കേരളാ കോൺഗ്രസിന്റെ മുന്നണി മാറ്റമൊന്നും കാര്യമായ ഏശാത്ത ഡിവിഷനുകളിലൊന്നു കൂടിയാണ്. കർഷക, മത്സ്യ, കയർ തൊഴിലാളികൾ ഈ അധിവസിക്കുന്ന മേഖലയിൽ ഇത്തരം വിഷയങ്ങളിലൂന്നിയാകും മുന്നണികളുടെ പ്രചാരണവും. ഇത്തവണയും വൈക്കം നിലനിർത്താൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. അട്ടിമറി വിജയം യു.ഡി.എഫ്. പ്രതീക്ഷിക്കമ്പോൾ ബി.ഡി.ജെ.എസിലൂടെ എൻ.ഡി.എയും ഡിവിഷനിൽ ഏറെ പ്രതീക്ഷ പുലർത്തുന്നു.
ചെമ്പ്, മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളും തലയാഴം പഞ്ചായത്തിലെ ഏഴു വാർഡുകളും ഉൾപ്പെടുന്നതാണ് വൈക്കം ഡിവിഷൻ. ആദ്യം ജോസഫ് വിഭാഗത്തിനു നൽകുകയും പിന്നീട് കോൺഗ്രസ് തിരിച്ചെടുക്കുകയും ചെയ്തതിന്റെ പേരിൽ യു.ഡി.എഫിൽ വിവാദങ്ങളിൽ നിറഞ്ഞ ഡിവിഷനാണിത്.

 പി.എസ്.പുഷ്പമണി

മുൻ ജില്ലാ പഞ്ചായത്ത് അംഗവും സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം കൂടിയായ പി.എസ്. പുഷ്പമ ണിയാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. മഹിളാസംഘം മണ്ഡലം സെക്രട്ടറിയും ചെമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് യുണിയൻ സംസ്ഥാനകമ്മിറ്റിയംഗം, വർക്കിംഗ് വിമൻസ് ഫോറം ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകളും നിർവഹിക്കുന്നു.

സ്മിതാ എസ്.നായർ

കോൺഗ്രസിനു വേണ്ടി സ്മിത എസ്. നായരാണ് മത്സരിക്കുന്നത്. ബ്രഹ്മമംഗലം സ്വദേശിയും മികച്ച കർഷകയുമായ സ്മിത കൊച്ചിയിൽ പ്രമുഖ മാളിൽ കസ്റ്റമർ കെയർ ഉദ്യോഗസ്ഥയായി ജോലി ചെയ്തിരുന്നു. തിരഞ്ഞെടുപ്പ രംഗത്ത് ആദ്യമാണ്.

 രമ സജീവ്
എൻ.ഡി.എയിൽ ബി.ഡി.ജെ.എസിനു വേണ്ടി രമ സജീവ് ശക്തമായി മത്സര രംഗത്തുണ്ട്. വൈക്കം ഡിവിഷനിൽ നിർണായകമായ ഈഴവ വോട്ടുകൾ ബി.ഡി.ജെ.എസിലൂടെ ബാലറ്റിലെത്തുമെന്നാണ് പ്രധാന പ്രതീക്ഷ. സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അടക്കം വൈക്കത്ത് ശക്തമായ പ്രചരണവും നടത്തി.