
കോട്ടയം: പത്തിന് പോളിംഗ് ബൂത്തിലേയ്ക്ക് വോട്ടർമാരെ എത്തിക്കാനായി ഒരുക്കങ്ങൾ തകൃതി. കനത്ത സുരക്ഷയ്ക്ക് പൊലീസ് സേനയും സജ്ജമാണ്. പ്രശ്ന ബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത് 30 ഇടങ്ങളാണ്.
മുൻപെങ്ങുമില്ലാഞ്ഞ കുറച്ചു പേർ കൂടിയുണ്ട് ഇക്കുറി പോളിംഗ് ബൂത്തിൽ. സാനിറ്റൈസർ, മാസ്കുകൾ, പി.പി.ഇകിറ്റ്, ഗ്ളൗസ് . 16,324 ലീറ്റർ സാനിറ്റൈസറാണ് ജില്ലയിലെ വിവിധ ബൂത്തുകളിലേയ്ക്കായി റെഡിയാക്കിയിരിക്കുന്നത്. ഒരു ബൂത്തിൽ ഏഴ് ലിറ്റർ സാനിറ്റൈസറും 20 പി.പി.ഇ കിറ്റുകളുമാണ് നൽകുക. 46,640 പി.പി.ഇ കിറ്റുകളും തയാറാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് 3 മാസ്‌കും, 2 സെറ്റ് ഗ്ലൗസും നൽകും.
 3893 പൊലീസ് ഉദ്യോഗസ്ഥർ
ജില്ലയിൽ 3893 പൊലീസ് ഉദ്യോഗസ്ഥരെയാണ് പോളിംഗ് സുരക്ഷാ ജോലിക്ക് നിയോഗിച്ചിട്ടുള്ളത്. 9 ഡിവൈ.എസ്.പിമാർ, 51 സി.ഐമാർ, 296 എസ്.ഐ, എ.എസ്.ഐ, വനിതാ എസ്.ഐമാർ, 2681 കോൺസ്റ്റബിൾമാർ , 856 എസ്.പി. ഒമാർ എന്നിവരാണ് സംഘത്തിൽ. 1120 വാഹനങ്ങളും കുട്ടനാട്ടിലേയ്ക്ക് ഒരു ബോട്ടും റെഡിയാക്കിയിട്ടുണ്ട്.
 ആശങ്കയിൽ ഉദ്യോഗസ്ഥർ
കൊവിഡ് നിയന്ത്രണങ്ങളിൽ എങ്ങനെ ഡ്യൂട്ടി ചെയ്യുമെന്നാണ് ചില ഉദ്യോഗസ്ഥരുടെ ആശങ്ക. ചിലർക്ക് കൊവിഡായി. മറ്റു ചിലർ ക്വറന്റൈനിലുമാണ്. പി.പി.ഇ കിറ്റ് ധരിച്ച് ശീലമില്ലാത്തതും മറ്റൊരു ബുദ്ധിമുട്ടാണ്.
30 പ്രശ്ന ബാധിത ബൂത്തുകൾ
തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പ്രശ്ന ബാധിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് 30 ബൂത്തുകൾ. ചങ്ങനാശേരി -1, ഈരാറ്റപേട്ട-2, കുമരകം-8, മണിമല -6 , പൊൻകുന്നം -7, തലയോലപ്പറമ്പ് -4, വൈക്കം -2 എന്നിങ്ങനെയാണവ. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവ നിർണയിച്ചിട്ടുള്ളത്.
 16,000 ഉദ്യോഗസ്ഥർ
 3893 പൊലീസുകാർ
'' പ്രശ്‌നസാദ്ധ്യതയുള്ള ബൂത്തുകളിൽ 17 ഇടത്ത് വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന 13 കേന്ദ്രങ്ങളിൽ നടപടിക്രമങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നതിന് വീഡിയോഗ്രാഫർമാരെയും നിയോഗിക്കും'' -എം.അഞ്ജന, കളക്ടർ