campaign

കോട്ടയം: വോട്ടെടുപ്പിനു മുൻപുള്ള അവസാന ഞായറാഴ്ചയായ ഇന്നലെ വീടുകളിൽ വോട്ടർമാരെ കാണാൻ സ്ഥാനാർത്ഥികളുടെ നീണ്ട നിരയായിരുന്നു. 10നാണ് വേട്ടെടുപ്പ്. ഇനിയൊരു അവധി ദിനമില്ല. അവസരം എല്ലാ സ്ഥാനാർത്ഥികളും പരമാവധി മുതലാക്കി.

ഭവന സന്ദർശനമായിരുന്നു ഇന്നലെയും സ്ഥാനാർത്ഥികളുടെ മെയിൻ. അനൗൺസ്മെന്റ് വാഹനങ്ങൾ തലങ്ങുംവിലങ്ങും പാഞ്ഞു. വോട്ടേഴ്‌സ് സ്ലിപ്പുമായി പ്രവർത്തകർ വീടുകളിലെത്തി. കുടുംബാംഗങ്ങൾ എല്ലാവരും ഉണ്ടാകാനുള്ള സാദ്ധ്യത മുൻനിർത്തിയാണ് ഭൂരിഭാഗം സ്ഥാനാർത്ഥികളും ഇന്നലെ വോട്ടർമാരുടെ വീടുകൾ കേന്ദ്രീകരിച്ചത്. അച്ചടിച്ച രണ്ടാം ഘട്ട അഭ്യർഥന, പ്രകടന പത്രിക തുടങ്ങിയ ലഘുലേഖകളും വിതരണം ചെയ്യും.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് രണ്ടോ മൂന്നോ പേരെ മാത്രമേ സ്ഥാനാർത്ഥികൾ കൂടെക്കൂട്ടിയുള്ളൂ. വോട്ടർമാരുടെ അതൃപ്തി ഏറ്റു വാങ്ങാതിരിക്കാൻ മാസ്ക്കണിഞ്ഞും പരമാവധി അകലം പാലിച്ചും സ്ഥാനാർത്ഥികൾ മാനദണ്ഡങ്ങൾ പാലിച്ചു. സ്ഥാനാർത്ഥി മാത്രം വളപ്പിൽ പ്രവേശിച്ചു, കൂടെയുള്ളവർ ഗേറ്റിനു പുറത്തു നിന്നു. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഇതിനകം രണ്ടും മൂന്നും തവണ സ്ഥാനാർത്ഥികൾ വീടുകളിലെത്തിക്കഴിഞ്ഞു. ബ്ളോക്ക്,​ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേയ്ക്ക് മത്സരിക്കുന്നവർക്ക് ഭവന സന്ദർശനത്തിന് അധികം സമയം കിട്ടിയിരുന്നില്ല.