
കോട്ടയം: കൊവിഡ് മഹാമാരിക്കിടയിലും ഗ്രാമ -നഗരങ്ങളെ ഇറക്കിമറിച്ച് ഒരു മാസത്തോളം നീണ്ട പരസ്യ തിരഞ്ഞെടുപ്പു പ്രചാരണത്തിന് നാളെ തിരശീല വീഴുമ്പോൾ അവസാന വട്ട ഓട്ടപ്രദക്ഷിണത്തിലാണ് സ്ഥാനാർത്ഥികളും മുന്നണികളും. കൊവിഡ് ഭീതി ഒട്ടും ചോർത്തിക്കളയാതിരുന്ന ആവേശത്തിന്റെ നാളുകൾക്കാണ് നാളെ സമാപനമാകുന്നത്. കലാശക്കൊട്ടില്ലാതെ കൊവിഡിന്റെ പരിമിതിക്കുള്ളിൽ നിന്ന് പരമാവധി വോട്ടുറപ്പിക്കാനാണ് മുന്നണികളുടെ ശ്രമം.
പ്രചാരണത്തിന്റെ അവസാന നാളുകളിൽ ജില്ലയിൽ 3 മുന്നണികളും ഇഞ്ചോടിഞ്ചു പോരാടുകയാണ്. ആദ്യ ദിവസങ്ങളിൽ സ്‌ക്വാഡ് പ്രവർത്തനം മാത്രമായിരുന്നെങ്കിൽ ഉച്ചഭാഷിണി ഘടിപ്പിച്ച പ്രചാരണ വാഹനങ്ങളടക്കം പിന്നീടു രംഗം കൊഴുപ്പിക്കാനെത്തി. ഒരിക്കൽക്കൂടി വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ.
നാളെ വൈകിട്ട് 6 വരെ മാത്രമേ പരസ്യപ്രചാരണം പാടുള്ളൂ. നിയമലംഘനം നടന്നാൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും. കലാശക്കൊട്ട് ഇല്ലെങ്കിലും പ്രധാന ജംഗ്ഷനുകളിൽ രാഷ്ട്രീയ പാർട്ടികളുടെ വാഹനങ്ങൾ ഒരുമിച്ചെത്തി ആൾക്കൂട്ടം സൃഷ്ടിച്ചാൽ നടപടി ഉണ്ടാവും.
 ഇവ വേണം
പോളിംഗ് സ്റ്റേഷനിലേക്ക് പോകുമ്പോൾ ഇതിൽ ഏതെങ്കിലുമൊന്ന് കരുതാൻ മറക്കേണ്ട.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്
പുതുതായി പേര് ചേർത്ത വോട്ടർമാർക്കു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡ്
പാസ്‌പോർട്ട്
പാൻ കാർഡ്
ഡ്രൈവിംഗ് ലൈസൻസ്
ആധാർ കാർഡ്
ഫോട്ടോയുള്ള എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്ന് 6 മാസത്തിനിടെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്
എൻഡ് ബട്ടൺ മറക്കരുതേ!
ഗ്രാമപ്പഞ്ചായത്തിലെ വോട്ടർമാർക്ക് മൂന്ന് വോട്ടാണുള്ളത്. മൂന്ന് സ്ഥാനാർത്ഥികളുടെയും പേരിനു നേരെയുള്ള ബട്ടണിൽ അമർത്തിയാലേ ബീപ് ശബ്ദം മുഴങ്ങി വോട്ടുകൾ രേഖപ്പെടുത്തുകയുള്ളൂ. അപ്പോഴാണ് വോട്ടിംഗ് പൂർത്തിയാവുക. മൂന്ന് വോട്ടുകളിൽ ഒന്നെങ്കിലും വിനിയോഗിക്കുന്നില്ലെങ്കിൽ വോട്ടിംഗ് മെഷീനിലെ എൻഡ് ബട്ടൺ അമർത്താൻ മറക്കരുത്. എന്നാൽ മാത്രമേ അടുത്തയാൾക്കു വോട്ട് ചെയ്യാൻ വോട്ടിംഗ് മെഷീൻ സജ്ജമാകൂ. എൻഡ് ബട്ടൺ അമർത്താതെ പോയാൽ പ്രിസൈഡിംഗ് ഓഫീസർ ബൂത്തിലെ ഏജന്റുമാരോട് അനുവാദം വാങ്ങി എൻഡ് ബട്ടൺ അമർത്തണം.