kottayam

 എൽ.ഡി.എഫ്

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ തന്നെയാണ് അവസാന ലാപ്പിലും പ്രചാരണ തന്ത്രം. വോട്ടർമാരുടെ കണക്ക് തയ്യാറാക്കി, ഓരോ പാർട്ടിയ്‌ക്കും ലഭിക്കുന്ന വോട്ട് എത്രയെന്നുള്ള അന്തിമ വിലയിരുത്തൽ നടത്തി ഇന്നു വൈകിട്ട് അഞ്ചിനു മുൻപ് ജില്ലാ കമ്മിറ്റിയ്‌ക്കു നൽകണമെന്ന് ഇടതു മുന്നണി ബൂത്ത് തലത്തിൽ നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ വീടുകളിൽ നടന്ന അവസാന ഘട്ട കാമ്പയിനിൽ ഈ കണക്കെടുപ്പിനാണ് ഇടതു മുന്നണി പ്രാധാന്യം നൽകിയതും. പരമാവധി വീടുകളിൽ നേരിട്ടെത്തി, ആളുകളെ നേരിൽ കാണുന്നതിനായിരുന്നു ഇടതു മുന്നണി പ്രവർത്തകരുടെ ഇന്നലത്തെ നീക്കം. 32 സീറ്റ് വരെ നേടി അധികാരം പിടിക്കുമെന്നാണ് ഇടതു മുന്നണി നേതാക്കളുടെയും പ്രവ‌ർത്തകരുടെയും അവകാശവാദം.

 യു.ഡി.എഫ്

സംസ്ഥാന സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ഒപ്പം കോട്ടയം നഗരസഭയിൽ കഴിഞ്ഞ അഞ്ചു വർഷം നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയും വേണമെന്നാണ് യു.ഡി.എഫിന്റെ പ്രധാന പ്രചാരണ വിഷയം. സ്വർണ്ണക്കടത്ത് കേസുകളിൽ സർക്കാർ പ്രതിരോധത്തിലായിരിക്കുന്നത് മുതലാക്കാനാവുമെന്നാണ് പ്രതീക്ഷ. കോട്ടയം നഗരസഭയിലെ സ്ഥാനാർത്ഥി നിർണ്ണയം കാര്യമായ തർക്കങ്ങളില്ലാതെ പൂർത്തിയാക്കാനായതിന്റെ പ്രതീക്ഷയിലാണ് യു.ഡി.എഫ്. കേരള കോൺഗ്രസ് മുന്നണിയിൽ നിന്നും പുറത്തായതോടെ കൂടുതൽ കരുത്തോടെ കൂടുതൽ പ്രവർത്തകർക്കു സീറ്റ് നൽകാനായത് പ്രതീക്ഷ വർദ്ധിപ്പിക്കുന്നതായി കോൺഗ്രസ് ക്യാമ്പ് കണക്കു കൂട്ടുന്നു. 33 സീറ്റു വരെ നേടി ഇത്തവണയും അധികാരത്തിൽ തുടരാനാവുമെന്നു തന്നെയാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്.

 എൻ.ഡി.എ

നാടും നഗരവും ഇളക്കി മറിച്ചുള്ള പ്രചാരണമായിരുന്നു ഇക്കുറിയും ബി.ജെ.പിയും എൻ.ഡി.എയും നഗരസഭയിൽ നടത്തിയത്. കഴിഞ്ഞ തവണ മത്സരിച്ചവരിൽ ഭൂരിഭാഗത്തെയും മാറ്റി നിർത്തി പുതുമുഖങ്ങളെ രംഗത്തിറക്കിയുള്ള മത്സരം ഗുണം ചെയ്യുമെന്നു തന്നെയാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രതീക്ഷ. നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങൾ തന്നെയാണ് ബി.ജെ.പിയും എൻ.ഡി.എയും പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത്. ഇത് വോട്ടാക്കി മാറ്റാമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ ബി.ഡി.ജെ.എസിന്റെ ഒന്ന് അടക്കം ആറു സീറ്റുകളിലാണ് എൻ.ഡി.എ മുന്നണി വിജയിച്ചത്. ഇത്തവണ ഭരണം പിടിക്കുമെന്ന അവകാശ വാദം ഉയർത്തുന്നുണ്ടെങ്കിലും, പത്തു മുതൽ 12 സീറ്റുകൾ വരെ വിജയിക്കുമെന്നാണ് പ്രതീക്ഷ.