പാലാ :നഗരസഭയിൽ യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. ഉമ്മൻ ചാണ്ടിയാണ് പ്രകാശനം ചെയ്തത്. നഗരസഭയിലെ എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കുമെന്നും ശുദ്ധജല വിതരണത്തിനായി ചെറുകിട കുടിവെള്ള പദ്ധതികൾ ആരംഭിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. ഉറവിട മാലിന്യ സംസ്‌കരണ നിർമ്മാർജ്ജന പദ്ധതികൾ സാങ്കേതിക സഹായം നൽകി വിപുലമാക്കും.കെ.എം മാണി,ചെറിയാൻ ജെ.കാപ്പൻ, ആർ.വി തോമസ്, കെ.എം ചാണ്ടി, പാലാ നാരായണൻ നായർ തുടങ്ങിയവർക്ക് അനുയോജ്യമായ സ്മാരകങ്ങൾ സ്ഥാപിക്കും.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നഗരസഭാ പരിധിക്കുള്ളിൽ പൊതുഇടങ്ങളിൽ ആധുനിക ഓട്ടോമാറ്റിക് സാനിറ്റേഷൻ സ്റ്റേഷനുകൾ സ്ഥാപിക്കും. നഗരസഭാ പരിധിക്കുള്ളിൽ വെള്ളപ്പൊക്കം പ്രതിരോധിക്കാൻ ചെക്ക് ഡാമുകൾക്ക് ഷട്ടറുകൾ സ്ഥാപിക്കുകയും നഗരത്തിനുള്ളിലെ ഡ്രെയിനേജ് സംവിധാനം പുന ക്രമീകരിക്കുകയും ചെയ്യും.. യാചക പുനരധിവാസ പദ്ധതി വിപുലീകരിക്കും. പൊതുസ്ഥലങ്ങളിൽ സൗജന്യമായി വൈഫൈ സൗകര്യം ലഭ്യമാക്കും.നഗരസഭയിലെ കുട്ടികളുടെ പാർക്ക് ആധുനിക ഫൺ തീം പാർക്കായി വികസിപ്പിക്കും തുടങ്ങി 26 ഇന വികസന പദ്ധതികളാണ് പ്രകടനപത്രികയിലുള്ളത്. ഉമ്മൻചാണ്ടിയിൽ നിന്ന് യു.ഡി.എഫ് പാനലിനെ നയിക്കുന്ന കുര്യാക്കോസ് പടവൻ പ്രകടന പത്രിക ഏറ്റുവാങ്ങി. പ്രൊഫ. സതീഷ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.