
കോട്ടയം: വലത്തോട്ടു ചാഞ്ഞും ഇടത്തോട്ടും ചരിഞ്ഞും. അതാണ് വെള്ളൂർ. വെള്ളൂരിന്റെ മനമറിയണമെങ്കിൽ വോട്ടുപെട്ടി തുറക്കും വരെ കാക്കണം. യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും പിണക്കാത്ത ഡിവിഷൻ. രാഷ്ട്രീയത്തേക്കാൾ പ്രാദേശിക വികാരമാകും എന്നും വിധി നിർണയിക്കുക. പോരാട്ടത്തിലൂടെ തിരികെ പിടിച്ച ഡിവിഷൻ നിലനിർത്താനാണ് എൽ.ഡി.എഫ്. ശ്രമമെങ്കിൽ കൈവിട്ട മണ്ഡലം വീണ്ടെടുക്കാനാണ് യു.ഡി.എഫ് ഇത്തവണ കച്ച മുറുക്കിയിരിക്കുന്നത്. ഇരു മുന്നണികൾക്കും ഭീഷണിയായി ബി.ജെ.പിയും ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയിട്ടുണ്ട്.
വെള്ളൂർ പഞ്ചായത്ത് പൂർണമായും തലയോലപ്പറമ്പ് പഞ്ചായത്തിലെ ഒന്നൊഴികെയുള്ള വാർഡുകളും മുളക്കുളം പഞ്ചായത്തിലെ മൂന്നു വാർഡുകളൊഴികെയുള്ളതും ഉൾപ്പെടുന്നതാണു വെള്ളൂർ ഡിവിഷൻ. രണ്ടു മുന്നണികൾക്കും ഒരുപോലെ സ്വാധീനമുള്ള ഡിവിഷൻ. ചില മേഖലകളിൽ കേരളാ കോൺഗ്രസ് നിർണായക സ്വാധീനമാണ്.
 പോൾസൺ ജോസഫ്
പി.ജെ.ജോസഫിന്റെ സഹോദരി പുത്രനും ജോസഫ് വിഭാഗത്തിലെ കരുത്തനുമായ പോൾസൺ ജോസഫിനെയാണ് ഡിവിഷൻ പിടിക്കാൻ യു.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത്. ടി.വി.പുരം പഞ്ചായത്ത് അംഗം, ടി.വി. പുരം ഫാർമേഴ്‌സ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ തലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം വൈക്കം കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റും കേരള കോൺഗ്രസ് എം ഹൈ പവർ കമ്മിറ്റി അംഗവുമാണ്. പൈനുങ്കൽ ചെമ്മനത്തുകര ചേരിക്കൽ റോഡ് ഉൾപ്പെടെ വിവിധ റോഡുകളുടെ വികസനത്തിനും , വിവിധ പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നതിനും വേണ്ടി നടത്തിയ പരിശ്രമങ്ങൾ വഴി ശ്രദ്ധേയമായിരുന്നു.
 ടി.എസ്.ശരത്
ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റംഗവും സി.പി.എം. ഏരിയ കമ്മിറ്റി അംഗവുമായ ടി.എസ്.ശരത്തിനെയാണ് എൽ.ഡി.എഫ്. രംഗത്തിറക്കിയിരിക്കുന്നത്. എസ്.എഫ്.ഐ. മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ്, തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ് എന്നിവിടങ്ങളിലായി ഡിഗ്രി പഠനം. കാമ്പസ് സമരമുഖത്തു ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു.
പി.ജി.ബിജുകുമാർ
ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ പി.ജി. ബിജുകുമാറാണ് എൻ.ഡി.എ. സ്ഥാനാർത്ഥി. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ നിന്നു മത്സരിച്ച ബിജു ജില്ലാ പഞ്ചായത്തിലേയ്ക്ക് ആദ്യമാണ്. പഞ്ചായത്തുകളിൽ ഇത്തവണയുണ്ടാകുന്ന മുന്നേറ്റം ജില്ലാ പഞ്ചായത്തിലും കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.