
വൈക്കം: ദക്ഷിണ കാശി എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഇന്ന്. ഭഗവാനെ ഒരു നോക്ക് കണ്ട് അനുഗ്രഹം വാങ്ങുവാൻ ആയിരങ്ങൾ ഒഴുകിയെത്തുമായിരുന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിലേയും ഉദയനാപുരം ക്ഷേത്രത്തിലും പുറമെ മൂത്തേടത്ത് കാവ്, കൂട്ടുമ്മേൽ, ശ്രീനാരായണപുരം, തൃണയം കുടം, ഇണ്ടംതുരുത്തി, പുഴവായി കുളങ്ങര, കിഴക്കും കാവ് എന്നി ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകൾ ക്ഷേത്രത്തിൽ വരുക പതിവായിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധി മൂലം വൈക്കം ഉദയനാപുരം ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകൾക്ക് മാത്രമേ ഇക്കുറി അനുമതി ലഭിച്ചിട്ടുള്ളു.
വൈക്കത്തഷ്ടമി ദിവസം രാത്രി 9 മണിയോടെയാണ് വൈക്കത്തപ്പൻ കിഴക്കേ ആന പന്തലിലേക്ക് എഴുന്നള്ളുന്നത്. പുത്രന്റെ വരവ് പ്രതീക്ഷിച്ച് പിതാവ് കൊടിമര ചുവട്ടിൽ പഷ്ണിയുമായി നിൽക്കുന്നതും പ്രത്യേകതയാണ്. അഷ്ടമി നാളിലെ ഒരു പൂജ നടത്തുവാൻ ഒരുക്കമായി ഭഗവാന്റെ തങ്കവിഗ്രഹം പുറത്തേക്ക് എഴുന്നള്ളിക്കുന്നു. വെളിനെല്ലൂർ മണികണ്ഠൻ എന്ന ഗജവീരനാണ് ഇത്തവണ തിടമ്പേറ്റുന്നത്. ആഡംബരത്തോടെ എഴുന്നള്ളിയ ഭഗവാൻ കിഴക്കേ ഗോപുരനടയിലെ വ്യാഘ്രപാദ സങ്കേതത്തിൽ എത്തുന്നതോടെ വാദ്യമേളങ്ങൾ ഉൾപ്പടെയുള്ള അലങ്കാരങ്ങൾ ഒഴിവാക്കി പുത്രനെ പ്രതീക്ഷിച്ച് കാത്ത് നിൽപ്പ് തുടരുന്നു.
താരാകാസുരനേയും ശൂരപത്മനേയും നിഗ്രഹിച്ച ശേഷം വിജയഭേരിയോടെ ഉദയനാപുരത്തപ്പൻ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന കാഴ്ച നയനാനന്ദകരമാണ്. ഗജവീരൻ ഓമല്ലൂർ മണികണ്ഠൻ ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റും. രാജകീയ പ്രൗഢിയോടെ വരുന്ന ഉദയനാപുരത്തപ്പന്റെ വരവ് ആകർഷകവും അതിലേറെ ഭക്തിനിർഭരവുമാണ്. വൈക്കത്തപ്പന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്ന ഉദയനാപുരത്തപ്പന് വൈക്കത്തപ്പൻ തന്റെ സ്ഥാനം നൽകി അനുഗ്രഹിക്കും. തുടർന്ന് അവകാശിയായ കറുകയിൽ കുടുംബത്തിലെ കാരണവരായ കിടങ്ങൂർ കൊച്ചു മഠത്തിൽ ഗോപാലൻ നായർ വാദ്യമേളങ്ങളോടെ പല്ലക്കിലെത്തി കാണിക്കയർപ്പിക്കും. ഈ സന്ദർഭത്തിൽ ഭക്തർക്ക് ഓൺലൈൻ ബുക്കിംഗിലൂടെ ദർശനം അനുവദിച്ചിട്ടുണ്ട്. വടക്കേ ഗോപുരത്തിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ഭക്തർ ദർശനം നടത്തിയ ശേഷം തെക്കേ ഗോപുരത്തിലൂടെ പുറത്തു കടക്കണം.
ഒരു പ്രദക്ഷിണത്തിന് ശേഷം ഉദയനാപുരത്തപ്പൻ വൈക്കത്തപ്പനോട് യാത്ര ചോദിച്ച് പിരിയും.
വടക്കേ ഗോപുരത്തിന് സമീപം നിന്നു വൈക്കത്തപ്പൻ, ഗോപുരം ഇറങ്ങി പോകുന്ന മകന്റെ യാത്ര നോക്കി നിൽക്കും. ഈ സമയം ക്ഷേത്രം നിശ്ചലമാണ്. ദു:ഖഖണ്ഡാര രാഗം നാദസ്വരത്തിലുടെ ഒഴുകും. ഭഗവാന്റെ ദു:ഖം ഭക്തരും പങ്കുവയ്ക്കുന്ന നിമിഷം . വൈക്കത്തപ്പൻ സാവധാനം ശ്രീകോവിലിലേക്ക് എഴുന്നള്ളും.
ഭക്തിനിർഭരമായ വിട പറയുന്ന രംഗം അടുത്ത അഷ്ടമിക്കും കാണുവാനുള്ള അവസരം തരണമെന്ന പ്രാർത്ഥനയോടെ ഈറൻ മിഴികളോടെ ക്ഷേത്രഗോപുരം കടന്നു പോകുന്ന ഭക്തർ ഇപ്രാവശ്യം അധികമില്ല.
അഷ്ടമി ദിവസത്തെ പൂജകൾ പൂർത്തിയാക്കുന്ന അവസരത്തിൽ ശ്രീ ഭൂതബലി സമയം പള്ളിവേട്ട നടക്കും. പശുകിടാവിന്റെ കരച്ചിൽ കേട്ട് ഉണരുന്ന ഭഗവാന് താന്ത്റിക ആചാരമനുസരിച്ച് അഭിഷേകം നടത്തുന്നതോടെ സമാപന ചടങ്ങായ ആറാട്ടിനുള്ള മുഹൂർത്തമാവും.