
പൊൻകുന്നം: കേരളപ്പിറവിക്കുശേഷം ഒരുപാട് പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ വന്നു. പലരും സ്ഥാനാർത്ഥികളായി, ജയിക്കുകയും തോൽക്കുകയും ചെയ്തു. പല പ്രസിഡന്റുമാർ വന്നു പഞ്ചായത്തുകൾ ഭരിച്ചു. പക്ഷേ മലയാളിയുടെ മനസിൽ പതിഞ്ഞ ഒരു സ്ഥാനാർത്ഥിയും ഒരു പ്രസിഡന്റുമുണ്ട്. സ്ഥാനാർത്ഥി സാറാമ്മയും പ്രസിഡന്റ് ദുശ്ശാസനൻപിള്ളയുമാണവർ.1966ൽ പുറത്തിറങ്ങിയ സ്ഥാനാർത്ഥി സാറാമ്മയിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് ഷീലയാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ അടൂർഭാസിയുടെ കഥാപാത്രം അവതരിപ്പിക്കുന്ന കഥാപ്രസംഗമാണ് ഇപ്പോഴും തിരഞ്ഞെടുപ്പുകളിൽ ചർച്ചയാകുന്നത്.
പഞ്ചായത്തിൽ കുരുവി ജയിച്ചാൽ പൊന്നോണം നാടാകെ, അരിയുടെ കുന്നുകൾ നാടാകെ, വനം പതിച്ചുകൊടുക്കും , തോട്ടിൻകരയിൽ വിമാനമിങ്ങാൻ താവളമുണ്ടാക്കും, എൻ.ജി.ഒ മാരുടെ ശമ്പളം നാലിരട്ടിയാക്കും തുടങ്ങിയ പൊള്ളയായ വാഗ്ദാനങ്ങളാണ് ജനങ്ങൾക്കു നൽകുന്നത്. ചുവരെഴുത്തും വീടുകൾ കയറിയുള്ള വോട്ടുതേടലും പ്രകടനങ്ങളും മീറ്റിംഗും തുടങ്ങി ഒരു തിരഞ്ഞെടുപ്പിന്റെ എല്ലാ കാഴ്ചകളും ഈ ചിത്രത്തിൽ കാണാം. മുട്ടത്തുവർക്കിയുടേതാണ് കഥ.
വേളൂർ കൃഷ്ണൻകുട്ടിയുടെ പാലം അപകടത്തിൽ എന്ന ഹാസ്യകഥയെ ആസ്പദമാക്കി കെ.ജി.ജോർജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം എന്ന സിനിമയിൽ ഐരാവതക്കുഴി പഞ്ചായത്തിന്റെ പ്രസിഡന്റാണ് ദുശ്ശാസനക്കുറുപ്പ്. ഭരത് ഗോപിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. രാഷ്ട്രീയത്തിലെ എല്ലാ കൗശലങ്ങളും അഴിമതിയുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. ഉറപ്പുള്ള പഴയപാലം തകർത്ത് പഞ്ചായത്തിൽ പണിത പുതിയ പാലം മന്ത്രി ഉദ്ഘാടനം ചെയ്ത് പടക്കം പൊട്ടിത്തീരുന്നതിനുമുമ്പേ തകർന്നുവീഴുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്.
ഈ സിനിമയെ ഓർമ്മിപ്പിച്ചുകൊണ്ടാണ് പാലാരിവട്ടം പാലത്തെ ചിലർ പഞ്ചവടിപ്പാലം എന്നു പറയുന്നത്. കേരളത്തിൽ നടക്കുന്ന ഓരോ തിരഞ്ഞെടുപ്പിലും ഈ കഥാപാത്രങ്ങൾ നാട്ടിൻപുറത്ത് ചർച്ചയാകുന്നു. ഇതുപോലെ മറ്റൊരു കഥാപാത്രമാണ് വെള്ളിമൂങ്ങയിലെ മാമച്ചൻ. ഒരു തികഞ്ഞ രാഷ്ട്രീയക്കാരനെ അസാമാന്യ മെയ് വഴക്കത്തോടെ അവതരിപ്പിച്ച് മലയാളിയുടെ മനസ്സിൽ പ്രതിഷ്ഠിച്ചത് ബിജുമേനോനാണ്. ഒരു രാഷ്ട്രീയക്കാരനും ഇതുവരെ പയറ്റാത്ത അടവാണ് തിരഞ്ഞെടുപ്പിൽ മാമച്ചൻ പയറ്റിയത്. മത്സരം അസംബ്ലിയിലേക്കായിരുന്നു. ജയിക്കാനല്ല തോൽക്കാനാണ് മാമച്ചൻ മത്സരിച്ചത്. പാരപണിയുന്ന സഹപ്രവർത്തകർക്കുള്ള മറുപാരയുമായി തിരഞ്ഞെടുപ്പിനെ നേരിട്ട മാമച്ചൻ ജയിച്ച് മന്ത്രിയായി. സിനിമയിൽ തിരഞ്ഞെടുപ്പുകൾ ഒരുപാട് വന്നിട്ടുണ്ടെങ്കിലും അനശ്വരമായത് ഈ മൂന്നു കഥാപാത്രങ്ങളാണ്.