കോട്ടയം: തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പ്രകടന പത്രികയുമായി മുന്നണികൾ. യു.ഡി.എഫും എൽ.ഡി.എഫുമാണ് അവസാന ലാപ്പിൽ നഗരസഭയിൽ ഭരണം ലഭിച്ചാൽ നടപ്പാക്കാൻ പോകുന്ന പദ്ധതികളുടെ പ്രകടന പത്രിക പുറത്തിറക്കിയത്. കഴിഞ്ഞ തവണ പറഞ്ഞ വാഗ്‌ദാനങ്ങൾ തന്നെ വീണ്ടും പൊടിതട്ടിയെടുത്താണ് ഇക്കുറി യു.ഡി.എഫ് എത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ അവസരം ലഭിച്ചില്ലെങ്കിലും, പ്രകടന പത്രികയിൽ മാറ്റം വരുത്താൻ ഇതുവരെയും ഇടതു മുന്നണിയും തയാറായിട്ടില്ല.

മാലിന്യം ഇനിയുണ്ടാകില്ല

അഞ്ചു വർഷം മുൻപ് പ്രകടന പത്രികയിൽ എഴുതി വച്ച വാ‌ഗ്‌ദാനങ്ങൾ അതേപടി ആവർത്തിക്കുകയായിരുന്നു യു.ഡി.എഫ്. മാലിന്യ സംസ്‌കരണവും, കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം കാണുമെന്നത് അടക്കമുള്ളവയായിരുന്നു പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങൾ.

 52 വാർഡുകളിലും കുടിവെള്ളം

ഉറവിട മാലിന്യ സംസ്‌കരണം എല്ലാ വീട്ടിലും

 നഗരത്തിലെ വഴികളിൽ എൽ.ഇ.ഡി ലൈറ്റ് സ്ഥാപിക്കും

 ചേരി രഹിത നഗരമാക്കും

ഭവനരഹിതരില്ലാത്ത നഗരമാക്കി മാറ്റും

 നഗരസഭയുടെ സേവനങ്ങൾ സമ്പൂർണമായി ഓൺലൈനാക്കും

 മഴക്കാല പൂർവ ശുചീകരണം കൃത്യമായി നടപ്പാക്കും

ആധുനിക അറവുശാല വിപുലമാക്കും

കോടിമതയിൽ മീൻ മാർക്കറ്റ് തുറന്നു നൽകും

പച്ചക്കറി മാർക്കറ്റ് ആധുനിക രീതിയിൽ നവീകരിക്കും

 അനധികൃത കയേറ്റം ഒഴിപ്പിക്കും

നഗരവീഥികൾ സൗന്ദര്യവത്‌കരിക്കും

മീനച്ചിലാറിന്റെയും മീനന്തറയാറിന്റെയും കൈവഴികൾ സംരക്ഷിക്കും

ഇത് വല്ലതും നടക്കുമോ.... ?

കോട്ടയം നഗരസഭയിൽ ഇടതുമുന്നണി പ്രഖ്യാപിച്ച പ്രകടന പത്രിക കഴിഞ്ഞ തവണത്തേതിനു സമാനമാണ്. മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇടതുമുന്നണി പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്.

ശാശ്വതമായ മാലിന്യ സംസ്‌കരണം

കുടിവെള്ള പ്രശ്‌നം പരിഹരിക്കും

ലൈഫ് മിഷനിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കും

തരിശ് രഹിത കോട്ടയം പദ്ധതി നടപ്പാക്കും

നഗരസഭ റോഡുകൾ മെച്ചപ്പെട്ടതാക്കും

മെച്ചപ്പെട്ട മുനിസിപ്പൽ റോഡുകൾ നിർമ്മിക്കും

തോടുകളും കുളങ്ങൾ വ്യത്തിയാക്കി നീരൊഴുക്ക് വർദ്ധിപ്പിക്കുന്നതിനു നടപടി സ്വീകരിക്കും

ബോട്ട് ജെട്ടി നവീകരണം നടപ്പാക്കും

ആകാശപ്പാതയ്ക്ക് പകരം ഗതാഗതകുരുക്ക് ഒഴിവാക്കാൻ പുതിയ പദ്ധതി നടപ്പാക്കും

സമയബന്ധിതമായി അപേക്ഷകളിൻമേൽ തീർപ്പ് കൽപിക്കും

നഗരസഭയ്ക്ക് തനത് വരുമാനം ഉണ്ടാക്കുന്ന പദ്ധതികൾ നടപ്പാക്കും