പ്രതിയെ പിടികൂടാനെത്തിയ ഡിവൈ.എസ്.പിക്കും വെട്ടേറ്റു
ഒപ്പമുണ്ടായിരുന്ന സ്ത്രീ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ
കട്ടപ്പന: ഇരട്ടയാർ വലിയതോവാളയിൽ 7000 രൂപയുടെ പേരിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ജാർഖണ്ഡ് സ്വദേശിയായ യുവാവ് രണ്ട് സുഹൃത്തുക്കളെ വെട്ടിക്കൊന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീക്കും പ്രതിയെ പിടികൂടാനെത്തിയ ഡിവൈ.എസ്.പി എൻ.സി. രാജ്‌മോഹന്റെ കൈക്കും വെട്ടേറ്റു. ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളും ബന്ധുക്കളുമായ ശുഖ്‌ലാൽ മറാൻഡി (43), ജംഷ് മറാൻഡി (28) എന്നിവരാണ് കൊല്ലപ്പെട്ടത്.ഇവർക്കൊപ്പം താമസിച്ചിരുന്ന ബസന്തിയും (45) വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ജാർഖണ്ഡ് ഗോഡ ജില്ലയിലെ പറയ് യാഹൽ സ്വദേശി സഞ്ജയ് ബസ്‌കിയെ (30) പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം.
പൊലീസ് പറയുന്നത്: വലിയതോവാള പൊട്ടൻപ്ലാക്കൽ ജോർജിന്റെ പുരയിടത്തിൽ കൃഷിപ്പണി ചെയ്തിരുന്നവരാണ് നാലുപേരും. ജോർജിന്റെ വീടിന്റെ പുറത്തുള്ള മുറിയിലാണ് ഇവർ താമസിച്ചിരുന്നത്. പ്രതി സഞ്ജയ് ബസ്‌കിയുടെ 7000 രൂപ ശുഖ്‌ലാലും ജംഷും ചേർന്ന് മോഷ്ടിച്ചു എന്നുപറഞ്ഞ് മൂവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഞായറാഴ്ച രാത്രി മൂവരും ചേർന്ന് മദ്യപിച്ചശേഷം പണത്തെച്ചൊല്ലി വാക്കുതർക്കമുണ്ടായി. രാത്രി 11 ഓടെ മദ്യലഹരിയിൽ കിടന്നുറങ്ങുകയായിരുന്ന ശുഖ്‌ലാലിനെയും ജംഷിനെയും ഏലത്തോട്ടത്തിൽ കളവെട്ടാൻ ഉപയോഗിക്കുന്ന വാക്കത്തി കൊണ്ട് സഞ്ജയ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന ബസന്തിയുടെ തലയ്ക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ബസന്തി നിലവിളിച്ചുകൊണ്ട് ജോർജിന്റെ വീട്ടിലെത്തി വാതിലിൽ തട്ടിവിളിച്ചു. വീട്ടുകാർ ഉണർന്ന് പുറത്തെത്തിയപ്പോൾ സഞ്ജയ് വാക്കത്തിയുമായി പുറത്തുനിൽക്കുകയായിരുന്നു. ജോർജ് ബഹളം വച്ചതോടെ സഞ്ജയ് ഏലത്തോട്ടത്തിൽ ഓടിയൊളിച്ചു. കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്‌മോഹന്റെ നേതൃത്വത്തിൽ
പൊലീസും നാട്ടുകാരും ഒരു മണിക്കൂറോളം തെരച്ചിൽ നടത്തിയാണ് പ്രതിയെ കണ്ടെത്തിയത്. എന്നാൽ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരെ പ്രതി വാക്കത്തി വീശി. ഇതിനിടെ കൈക്ക് വെട്ടേറ്റ് ഡിവൈ.എസ്.പി ഏലത്തോട്ടത്തിലെ കുഴിയിലേക്കു വീണു. തുടർന്ന് മറ്റു പൊലീസുകാർ ചേർന്ന് വാക്കത്തി തട്ടിക്കളഞ്ഞ് സഞ്ജയ്‌യെ കീഴ്‌പ്പെടുത്തുകയായിരുന്നു. മരിച്ച രണ്ട് പേരുടെയും കഴുത്തിനാണ് വെട്ടേറ്റത്. കൊവിഡ് പരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.ഡിവൈ.എസ്.പിയുടെ കൈയിലെ പരിക്ക് ഗുരുതരമല്ല.