
കോട്ടയം : കൊവിഡ് നിറംകെടുത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശരഹിതമായ സമാപനം. എന്നാൽ അവകാശവാദങ്ങളിൽ ആവേശം പരത്തി നേതാക്കൾ കൊട്ടിക്കയറി. ഇന്ന് ഇനി നിശബ്ദ പ്രചാരണമാണ്. പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ. കൊവിഡ് പോളിംഗ് ശതമാനത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് മുന്നണികളും സ്ഥാനാർത്ഥികളും.
കേരള കോൺഗ്രസ് ജോസ് വിഭാഗം എത്തിയതോടെ ചരിത്രവിജയം നേടാമെന്ന വിശ്വാസത്തിലാണ് ഇടതുനേതാക്കൾ. 71 പഞ്ചായത്തുകളിലായി 1140 വാർഡുകളിലേക്കും 11 ബ്ലോക്ക് പഞ്ചായത്തുകളിലെ 146 ഡിവിഷനുകളിലേക്കും ആറ് നഗരസഭകളിലെ 204 വാർഡുകളിലേക്കും 22 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുമാണ് മത്സരം. ജോസ് - ജോസഫ് വിഭാഗങ്ങൾ ഏറ്റുമുട്ടുന്നിടത്തെല്ലാം ജീവന്മരണപോരാട്ടമാണ്. ഇരുവിഭാഗത്തിനും നിലനിൽപ്പിന്റെ പ്രശ്നമായതിനാൽ പരമാവധി സീറ്റുകൾ നേടി കരുത്തു തെളിയിച്ച് കൂടുതൽ നിയമസഭാ സീറ്റിനായി വിലേപേശാനുള്ള കടുത്ത മത്സരമാണ് നടക്കുന്നത്. പാലാ, കടുത്തുരുത്തി ,ചങ്ങനാശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങളിൽ കരുത്തു തെളിയിക്കാനാണ് ജോസ് വിഭാഗത്തിന്റെ ശ്രമം. ബി.ജെ.പി, വെൽഫയർ പാർട്ടികളുമായി യു.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ടെന്ന പ്രചാരണം അവസാനം നടത്താൻ ഇടതുമുന്നണിയ്ക്ക് കഴിഞ്ഞു.
261 പഞ്ചായത്ത് വാർഡുകളിൽ ബി.ജെ.പിയ്ക്ക് സ്ഥാനാർത്ഥികളില്ലാത്തതും ചങ്ങനാശേരി നഗരസഭയിൽ മൂന്നിടത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളില്ലാതെ പോയതും ചൂണ്ടിക്കാട്ടിയുള്ള ഇടതു ആരോപണത്തിന് വ്യക്തമായ മറുപടി ഉണ്ടായില്ല. ഇടതുനേതാക്കൾ ഓൺലൈനിനെ പ്രധാനമായും ആശ്രയിച്ചുള്ള പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ യു.ഡി.എഫും, എൻ.ഡി.എയും പ്രമുഖ നേതാക്കളെ മുഴുവൻ പരസ്യ പ്രചാരണത്തിനിറക്കി. എൻ.എസ്.എസും, എസ്.എൻ.ഡി.പിയും കത്തോലിക്ക സഭയും രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇടതുപക്ഷം മുമ്പില്ലാത്ത തരത്തിൽ സമുദായ വോട്ടുകളിൽ പ്രതീക്ഷ അർപ്പിക്കുകയാണ്.
മുഴുവൻ സീറ്റുകൾ നേടും : ജോസ് വിഭാഗം
ജില്ലാ പഞ്ചായത്തിൽ 22 സീറ്റിലും 11 ബ്ലോക്ക് പഞ്ചായത്തിലും ഇടതുമുന്നണി ഭരണം പിടിക്കുമെന്നും കേരള കോൺഗ്രസ് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു. ആറ് നഗരസഭകളിൽ നാലിടത്തും ഭൂരിപക്ഷം നേടും. 71 ഗ്രാമപഞ്ചായത്തുകളിൽ അമ്പതോളം സീറ്റുകൾ നേടും. യു.ഡി.എഫ് മുന്നണിയിലെ പാരവയ്പ്പും കുതികാൽ വെട്ടുമൊന്നുമില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ഇടതുമുന്നണിയിൽ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
മികച്ച നേട്ടം ഉണ്ടാക്കും: സി.പി.ഐ
ജില്ലയിൽ ഇടതുപക്ഷം മികച്ച നേട്ടമുണ്ടാക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങൾ പ്രധാന ചർച്ചാ വിഷയമാകുന്ന തിരെഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായി ജനം വിധിയെഴുതുന്ന കാഴ്ച ഉണ്ടാവും. പ്രതിസന്ധി ഘട്ടങ്ങളിൽ തണലാവുന്ന ഇടതുപക്ഷത്തോടുള്ള ജനത്തിന്റെ ചായ്‌വ് കോൺഗ്രസിനെയും ബി.ജെ.പിയെയും വിറളി പിടിപ്പിക്കുന്നുണ്ട്. യു.ഡി.എഫിലെയും ബി.ജെ.പിയിലെയും അധികാര തർക്കങ്ങൾ അവരുടെ പ്രചാരണത്തെ അടക്കം പല വിധത്തിലും ബാധിച്ചു. കേരള കോൺഗ്രസിന്റെ കടന്ന് വരവോടെ യു.ഡി.എഫിന്റെ കുത്തക കേന്ദ്രങ്ങളിൽ പോലും ഇടത് അനുകൂല തരംഗം ഉണ്ടാക്കാനായെന്നും അദ്ദേഹം പറഞ്ഞു.
17 സീറ്റുകൾ നേടും : ജോസഫ് വിഭാഗം
ജില്ലാ പഞ്ചായത്തിൽ 17 സീറ്റുകൾ യു.ഡി.എഫ് നേടുമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. ഇരുപതിലധികം പഞ്ചായത്തുകൾ കൂടുതൽ പിടിക്കും. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വൈക്കം, വാഴൂർ ബ്ലോക്കും പിടിക്കും. പാലാ നഗരസഭയിലും വിജയം നേടും.
ചരിത്രവിജയം നേടും : സിപി.എം
തദ്ദേശതിരഞ്ഞെടുപ്പിൽ കോട്ടയത്ത് ചരിത്ര വിജയം നേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ പറഞ്ഞു. കേരളകോൺഗ്രസ് ജോസിന്റെ കൂടി കരുത്തിൽ ഗ്രാമ, ബ്ലോക്ക്, നഗരസഭ, ജില്ലാ പഞ്ചായത്തുകളിൽ ഭൂരിപക്ഷം നേടി കേരളത്തിൽ ഇടതുമുന്നണി ഏറ്റവും കൂടുതൽ വിജയം നേടുന്ന ജില്ലയായി കോട്ടയം മാ
റുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ സീറ്റുകൾ ലഭിക്കും : കോൺഗ്രസ്
ജില്ലയിൽ യു.ഡി.എഫ് പാരമ്പര്യം നിലനിറുത്തി എല്ലാ സമിതികളിലും വൻവിജയം നേടും. ജോസ് വിഭാഗം മുന്നണി വിട്ടെങ്കിലും ഇപ്പോഴത്തെ അനുകൂല തരംഗത്തിൽ കഴിഞ്ഞ തവണ ലഭിച്ചതിലും കൂടുതൽ സീറ്റുകളാകും യു.ഡി.എഫ് നേടുകയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.