
കോട്ടയം : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ല പൂർണമായും സജ്ജമായതായി ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിവരുന്നു. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് ബ്ലോക്ക്, മുനിസിപ്പൽ തലങ്ങളിലെ 17 കേന്ദ്രങ്ങളിൽ നടക്കും. തിരക്ക് ഒഴിവാക്കുന്നതിന് പ്രത്യേകമായി അനുവദിച്ച സമയത്താണ് വിതരണം.
നാളെ രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് തിരഞ്ഞെടുപ്പ്. വിതരണ കേന്ദ്രങ്ങളിലെയും പോളിംഗ് ബൂത്തുകളിലെയും ക്രമീകരണങ്ങൾ കുറ്റമറ്റതെന്ന് ഉറപ്പാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പൂർണമായും പാലിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥരും സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് കളക്ടർ നിർദേശിച്ചു.
നിയോജക മണ്ഡലം :1512
ജില്ലാ പഞ്ചായത്ത് ഡിവിഷൻ : 22
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ : 146
ഗ്രാമപഞ്ചായത്ത് വാർഡ് : 1140
നഗരസഭ വാർഡുകൾ : 204
ആകെ 5432 സ്ഥാനാർത്ഥികൾ
ജില്ലാ പഞ്ചായത്ത് : 89
ബ്ലോക്ക് പഞ്ചായത്ത് : 491
ഗ്രാമപഞ്ചായത്ത് : 4118
നഗരസഭ : 734
വോട്ടർമാർ
ആകെ : 1613594
സ്ത്രീകൾ : 833032
പുരുഷന്മാർ : 780551
ട്രാൻസ്ജെൻഡർ : 11
ഉദ്യോഗസ്ഥരുടെ എണ്ണം
പോളിംഗ് ഉദ്യോഗസ്ഥർ : 11660
റിസർവ് പട്ടികയിൽ - 2331
കൊവിഡ് ബാധിർക്കായി : 171
കൊവിഡ് പ്രതിരോധം ഇങ്ങനെ
ഓരോ പോളിംഗ് ബൂത്തിലും ഏഴുലിറ്റർ സാനിറ്റൈസർ, 18 മാസ്‌കുകൾ, 12 കൈയുറകൾ, ആറ് ഷീൽഡുകൾ, അഞ്ച് പി.പി.ഇ കിറ്റുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. സ്‌പെഷ്യൽ തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള വിവരശേഖരണത്തിനായി 14698 പേരുടെ പട്ടികയാണ് ജില്ലാ കൊവിഡ് സെല്ലിൽ നിന്ന് ഇതുവരെ തിരഞ്ഞെടുപ്പ് വിഭാഗത്തിലേക്ക് കൈമാറിയിട്ടുള്ളത്. ഇതിൽ 5416 പേർ രോഗികളും 9282 പേർ ക്വാറന്റൈനിൽ കഴിയുന്നവരുമാണ്. സ്‌പെഷ്യൽ തപാൽ വോട്ട് സെല്ലിൽ പ്രാഥമിക പരിശോധനയ്ക്കുശേഷം 13792 പേരുടെ പട്ടിക വരണാധികാരികൾക്ക് നൽകി. വോട്ടെണ്ണൽ 16 ന് രാവിലെ 8 മുതൽ 17 കേന്ദ്രങ്ങളിലായി നടക്കും.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
മുനിസിപ്പൽ മേഖലയിലെ പോളിംഗ് ബൂത്തുകളിൽ ഒന്നും പഞ്ചായത്ത് മേഖലകളിൽ മൂന്നും ബാലറ്റ് യൂണിറ്റുകളാണുള്ളത്. മുനിസിപ്പൽ മേഖലയിലുള്ളവർക്ക് ഒരു വോട്ടു മാത്രം ചെയ്താൽ മതിയാകും. പഞ്ചായത്ത് മേഖലകളിലുള്ളവർ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കണം. ഗ്രാമപഞ്ചായത്തുകളുടെ ബാലറ്റ് യൂണിറ്റിൽ വെള്ള നിറത്തിലുള്ള ലേബലാണ് പതിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിൻറെയും ജില്ലാ പഞ്ചായത്തിന്റെയും യഥാക്രമം പിങ്ക് നിറത്തിലും ഇളം നീല നിറത്തിലുമുള്ള ലേബലുകളാണ്.
വോട്ട് രേഖപ്പെടുത്തുന്ന വിധം
വോട്ട് ചെയ്യുന്നതിനായി പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്ന സമ്മതിദായകരുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസർ പരിശോധിക്കും. രണ്ടാം പോളിംഗ് ഓഫീസർ വോട്ടറുടെ കൈ വിരലിൽ മഷി അടയാളമിട്ട് രജിസ്റ്ററിൽ ഒപ്പോ വിരലടയാളമോ പതിപ്പിക്കും. തുടർന്ന് വോട്ടിംഗ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന പോളിംഗ് ഓഫീസർ സമ്മതിദായകന് വോട്ട് ചെയ്യാനായി കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തി ബാലറ്റ് യൂണിറ്റ് സജ്ജമാക്കും. രഹസ്യ സ്വഭാവം ഉറപ്പുവരുത്തി വോട്ടു ചെയ്യാനാകും വിധം മറച്ചുവച്ചിരിക്കുന്ന ബാലറ്റ് യൂണിറ്റിന്റെ മുകളിൽ പച്ച നിറത്തിലുള്ള ലൈറ്റ് തെളിഞ്ഞു നിൽക്കും.
സ്ഥാനാർത്ഥിയുടെ ചിഹ്നത്തിനു നേരെയുള്ള ബട്ടണിൽ വിരലമർത്തിയാണ് വോട്ട് രേഖപ്പെടുപ്പെടുത്തേണ്ടത്. ചുവന്ന ലൈറ്റ് തെളിയും. മൂന്ന് ബാലറ്റ് യൂണിറ്റിലും വോട്ട് രേഖപ്പെടുത്തിക്കഴിയുമ്പോൾ നീണ്ട ബീപ് ശബ്ദം കേൾക്കുന്നതോടെ വോട്ടിംഗ് പ്രക്രിയ പൂർത്തിയാകും. പോളിംഗ് ബൂത്തിൽ പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും കൈകൾ അണു വിമുക്തമാക്കണം.