പാലാ: വീറും വാശിയുമേറിയ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാലാ നിയോജകമണ്ഡലത്തിൽ എട്ട് കേന്ദ്രങ്ങളിൽ സംഘർഷത്തിന് സാധ്യതയെന്ന്
ഇന്റലിജൻസ് റിപ്പോർട്ട്. വിവിധ വാർഡുകളിലെ ആറു ബൂത്തുകൾ പ്രശ്‌നബാധിത കേന്ദ്രങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു. പാലാ നഗരസഭയിലെ 10ാം വാർഡ്, 6ാം വാർഡ്, 1ാം വാർഡ് എന്നിവിടങ്ങളിൽ സംഘർഷസാധ്യത തള്ളിക്കളയാനാവില്ല.കടനാട് ഗ്രാമപഞ്ചായത്തിലെ കടനാട്, കൊല്ലപ്പള്ളി, കെടുമ്പിട് മേഖലകളിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തും. രാമപുരം പഞ്ചായത്തിലെ ടൗൺ വാർഡ്,ഗാന്ധിപുരം,പാലവേലി മേഖലകളിൽ
ജാഗ്രതാ നിർദ്ദേശമുണ്ട്. ഭരണങ്ങാനം പഞ്ചായത്തിലെ രണ്ടിടങ്ങളിലും മീനച്ചിൽ പഞ്ചായത്തിലെ വാശിയേറിയ മത്സരങ്ങൾ നടക്കുന്ന നാല്
വാർഡുകളിലും സംഘർഷങ്ങൾ ഉണ്ടായേക്കാം.
മുത്തോലി പഞ്ചായത്തിലെ പുലിയന്നൂർ ആശ്രമം സ്‌കൂൾ ഉൾപ്പെടുന്ന ബൂത്ത് പ്രശ്‌നബാധിത കേന്ദ്രമായും വിലയിരുത്തുന്നു. ഏഴാം വാർഡിൽ പ്രശ്‌നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. കരൂർ പഞ്ചായത്തിലെ 2 വാർഡുകളാണ് പ്രശ്‌നബാധിത മേഖലയായി കണക്കാക്കുന്നത്.
മേലുകാവ് പഞ്ചായത്തിലെ 3,7,9 വാർഡുകൾ പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. പാലാ ഡിവൈ.എസ്.പി സാജു വർഗ്ഗീസിന്റെ നേതൃത്വത്തിൽ 5 സി.ഐമാർ, 15 എസ്.ഐമാർ 300 പൊലീസുകാർ എന്നിവരടങ്ങുന്ന സംഘത്തിനാണ് ക്രമസമാധാനപാലന ചുമതലയുള്ളത്. ഇതോടൊപ്പം തിരഞ്ഞെടുപ്പ് ജോലികൾക്ക് മാത്രമായി 100 സ്‌പെഷ്യൽ പൊലീസുമുണ്ട്.