എരുമേലി: പ്രധാനമന്ത്രിമാരുടെയടക്കം ജീവൻ കയ്യിൽ പിടിച്ചു കാവൽ നിന്ന സുരക്ഷാ ഉദ്യോഗസ്ഥൻ ഇന്ന് ജനാധിപത്യത്തിന്റെ കാവൽക്കാരനാണ്. കോട്ടയം ജില്ലാ പഞ്ചായത്തിലെ എരുമേലി ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന റോയി കപ്പലുമാക്കൻ. ഇരുപത് വർഷത്തോളം സി.ഐ.എസ്.എഫിലും ഡെപ്യൂട്ടേഷനിൽ എസ്.പി.ജിയും തോക്കേന്തി കാവൽ നിന്ന സൈനികനാണ് ഇക്കുറി തിരഞ്ഞെടുപ്പ് യുദ്ധത്തിൽ എരുമേലിയിൽ പോരാട്ടത്തിനിറങ്ങുന്നത്.
മുണ്ടക്കയം എരുമേലി, കോരുത്തോട്, മണിമല പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഡിവിഷനാണ് എരുമേലി ഡിവിഷൻ. മതമൈത്രിയുടെയും ശബരിമല തീർത്ഥാടനത്തിന്റെയും മണ്ണിൽ നിന്നാണ് റോയി കപ്പലുമാക്കൻ ജനവിധി തേടുന്നത്. ഡെപ്യൂട്ടേഷനിൽ എസ്.പി.ജി.യിൽ ജോലി നോക്കുമ്പോഴാണ് വി.പി സിംങ്, പി.വി നരസിംഹറാവു, എ.ബി വാജ്‌പേയി, എച്ച്.ഡി. ദേവഗൗഡ, ഐ.കെ ഗുജറാൾ എന്നീ പ്രധാനമന്ത്രിമാരുടെ സുരക്ഷാ ചുമതല ഇദ്ദേഹം നിർവഹിച്ചത്. ഈ പ്രധാനമന്ത്രിമാരോടൊപ്പം തിരഞ്ഞെടുപ്പ് വേദികളിലും ഇദേഹം എത്തിയിട്ടുണ്ട്. താര പ്രചാരകരായ പ്രധാനമന്ത്രിമാർക്കൊപ്പം തിരഞ്ഞെടുപ്പ് വേദിയിൽ മിന്നിത്തിളങ്ങിയ റോയി ഇപ്പോൾ ഇതേ തിരഞ്ഞെടുപ്പിന്റെ വേദിയിൽ തിളങ്ങും താരമാണ്.
സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടേത് അടക്കം സുരക്ഷാ ചുമതല വഹിച്ചിരുന്ന റോയി ആയിരത്തോളം തിരഞ്ഞെടുപ്പ് വേദികളിലാണ് സജീവമായി തോക്കേന്തി കാവൽ നിന്നത്. ഇടയ്ക്കു നെടുമ്പാശേരി വിമാനത്താവളത്തിലെ ഇന്റലിജൻസ് വിഭാഗത്തിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
നാട്ടിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയായിരിക്കെയാണ് ഇദ്ദേഹം കേന്ദ്ര പൊലീസ് സേനയിൽ ജോലി ലഭിച്ച് ഡൽഹിയിലേയ്ക്കു പോകുന്നത്. വിരമിച്ച ശേഷം തിരികെ നാട്ടിലെത്തി കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവമാകുകയായിരുന്നു. ഇപ്പോൾ കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് പ്രസിഡന്റും, മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. കാഞ്ഞിരപ്പള്ളി കാർഷിക പ്രാമവികസന ബാങ്ക് സ്ഥാപിച്ചപ്പോൾ ഇതിന്റെ ആദ്യ പ്രസിഡന്റായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.