
കോട്ടയം : ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി റോസമ്മ സോണിയെ ആക്രമിച്ചതായി പരാതി. എൽ.ഡി.എഫ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യു.ഡി.എഫ് ആരോപിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. പര്യടനത്തിന്റെ അവസാന ഭാഗത്തിനിടെ അതിരമ്പുഴ ടൗണിൽ വച്ച് കൊടികെട്ടിയ വടി ഉപയോഗിച്ചാണ് ആക്രമിച്ചതെന്നാണ് പരാതി. മൂക്കിനു പരിക്കേറ്റ ഇവരെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പ്രതിഷേധിച്ചു. പരാജയഭീതി മൂലം അക്രമമഴിച്ചുവിട്ട് ജനവിധിയെ തകിടം മറിക്കുവാനുള്ള സി.പി.എം ശ്രമം വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയുടെ പര്യടന വാഹനം തടഞ്ഞ് കൈയ്യേറ്റം ചെയ്തതിനെരെ നിയമ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.