കട്ടപ്പന: കട്ടപ്പന നഗരസഭ വള്ളക്കടവ് വാർഡിലെ പോളിംഗ് ബൂത്തിനു മുമ്പിൽ സി.പി.എംകോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. സി.പി.എം. പ്രവർത്തകർ കള്ളവോട്ട് ചെയ്തതായി ആരോപിച്ചായിരുന്നു സംഘർഷം. വള്ളക്കടവ് അംഗൻവാടിയിലെ പോളിംഗ് ബൂത്തിൽ ഇന്നലെ വൈകിട്ട് മണികണ്ഠൻ എന്നയാൾ വോട്ട് ചെയ്യാൻ എത്തിയപ്പോൾ, ഇയാളുടെ വോട്ട് നേരത്തെ ചെയ്തതായി കണ്ടെത്തി. തുടർന്ന് സി.പി.എം. പ്രവർത്തകർ കള്ളവോട്ട് ചെയ്തതായി ആരോപിച്ച് യു.ഡി.എഫും ബി.ജെ.പിയും പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകി. ഇതേച്ചൊല്ലി പോളിംഗ് ബൂത്തിനു പുറത്ത് നേതാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. വിവരമറിഞ്ഞ് കട്ടപ്പന സ്റ്റേഷനിൽ നിന്നു കൂടുതൽ പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ പിരിച്ചുവിടുകയായിരുന്നു. സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനാൽ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.