വൈക്കം:സർവ്വാഭരണ വിഭൂഷിതമായ വൈക്കത്തപ്പന്റെ മോഹനരൂപം ദർശിച്ച് അഷ്ടമി തൊഴുത് ദക്തർ.
പതിനൊന്നാം ഉത്സവ നാളിലെ വിളക്കെഴുന്നള്ളിപ്പ് ശ്രീകോവിലിലേക്ക് കയറുമ്പോൾ തന്നെ അഷ്ടമി തൊഴുവാനുള്ള ഭക്തരുടെ നിര കാണാമായിരുന്നു. പുലർച്ചെ 3.30 ന് തന്ത്രി കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി,ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, മേൽശാന്തി ടി. ഡി നാരായണൻ നമ്പൂതിരി , ടി.എസ് നാരായണൻ നമ്പൂതിരി ,അനുപ് നമ്പൂതിരി , ശ്രീധരൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നട തുറന്ന് ഉഷ: പൂജ, എതൃത്തപൂജ എന്നിവയ്ക്ക് ശേഷം അഷ്ടമി ദർശനത്തിനായി നട തുറന്നപ്പോൾ വേദമന്ത്രോച്ചാരണവും പഞ്ചാക്ഷരി മ ന്ത്രവും ഉയർന്നു. വൈക്കത്തപ്പാ..... അഭയം തരണമെയെന്ന പ്രാർത്ഥനയുമായി ഭഗവാനെ ഒരു നോക്കു കാണുവാൻ തൊഴുകൈയ്കളോടെ ഭക്തർ കാത്തുനിന്നു.വൈക്കം മഹാദേവ ക്ഷേത്രത്തിലെ കിഴക്കു ഭാഗത്തുള്ള ആൽത്തറയിൽ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിയ്ക്ക് ശ്രീ പരമേശ്വരൻ പാർവ്വതി സമേതനായി ദർശനം നല്കി അനുഗ്രഹിച്ച പുണ്യ മുഹൂർത്തത്തിലാണ് അഷ്ടമി ദർശനം കൊണ്ടാടുന്നത്.കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഓൺലൈനായി ബുക്കുചെയ്തവർക്കാണ് പ്രവേശനം അനുവദിച്ചിരുന്നതെങ്കിലും ജനത്തിരക്ക് കുറവായതിനാൽ എത്തിയ ഭക്തർക്ക് എല്ലാം ദർശനത്തിന് അവസരം ലഭിച്ചു.
അഷ്ടമി പ്രാതൽ ചടങ്ങ് മാത്രമായിട്ടാണ് ഇക്കുറി നടത്തിയത്.പ്രാതലിന്റെ അരിയളക്കൽ ദേവസ്വം കമ്മിഷണർ ബി. എസ് തിരുമേനി നിർവഹിച്ചു.
ആചാര പ്രകാരം നടന്ന അഷ്ടമി വിളക്ക് ഭക്തരെ ആനന്ദ നിർവൃതിയിലാക്കി. അത്താഴപഷ്ണിയുമായി പുത്രനെ പ്രതീക്ഷിച്ച് കാത്തു നിൽക്കുന്ന പിതാവായ വൈക്കത്തപ്പൻ, അഷ്ടമി നാളിലെ ഒരു പൂജയെങ്കിലും പൂർത്തിയാക്കണമെന്ന വിചാരത്തോടെ പുറത്തെക്ക് എഴുന്നള്ളി, വെളിനെല്ലൂർ മണികണ്ഠൻ ഗജവീരൻ വൈക്കത്തപ്പന്റെ തങ്ക തിടമ്പേറ്റി. പതിവിന് വിപരീതമായി ആർഭാടങ്ങളും വാദ്യമേളങ്ങളും ഇല്ലാതെ ഭഗവാന്റെ എഴുന്നള്ളിപ്പ് കിഴക്കേ ആന പന്തലിൽ എത്തി.അസുര നിഗ്രഹത്തിന് ശേഷം കൂട്ടുമ്മേൽ ഭഗവതിയോടെപ്പം ഉദയനാപുരത്തപ്പന്റെ രാജകീയ പ്രൗഡിയാർന്ന എഴുന്നള്ളിപ്പ് തുടർന്ന് വൈക്കം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. ഉദയനാപുരത്തപ്പന്റെ തിടമ്പ് മലയാലപ്പുഴ രാജനും കൂട്ടുമ്മേൽ ക്ഷേത്രത്തിൽ പല്ലാട്ട് ബ്രഹ്മദത്തനും തിടമ്പേറ്റി. ചുരൂർ മഠം രാജശേഖരൻ മൂത്തേടത്ത് കാവ് ഭഗവതിയുടെ തിടമ്പേറ്റി. പിതാവായ വൈക്കത്തപ്പൻ തന്റെ സ്ഥാനം പുത്രനായ ഉദയനാപുരത്തപ്പന് നൽകി അനുഗ്രഹിച്ച മുഹൂർത്തം, അവകാശിയായ കറുകയിൽ കുടുബത്തിലെ കാരണവരായ കിടങ്ങൂർ കൊച്ചു മീത്തിൽ ഗോപാലൻ നായർ പല്ലക്കിലെത്തി സ്വർണ്ണ ചെത്തിപ്പു കാണിക്കയർപ്പിച്ചു. യാത്രയയപ്പിന് ശേഷം വിട പറയൽ ചടങ്ങും നടന്നു.