വൈക്കം : പതിമൂന്നു രാപകൽ ക്ഷേത്രനഗരത്തെ ഭക്തിയിൽ ആറാടിച്ച വൈക്കത്തഷ്ടമിയുടെ സമാപന ചടങ്ങായ ആറാട്ട് ഭക്തിസാന്ദ്രമായി. തന്ത്റമാരായ കിഴക്കിനേടേത്ത് മേക്കാട് മാധവൻ നമ്പൂതിരി ,ഭദ്റകാളി മ​റ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ അനുജ്ഞാപൂജ ചെയ്ത് ആറാട്ട് ബലി തൂകിയ ശേഷം കൊടിക്കുറയിൽ നിന്ന് ചൈതന്യം വൈക്കത്തപ്പന്റെ തങ്കവിഗ്രഹത്തിലേക്ക് ആവാഹിച്ചു. തുടർന്ന് നടന്ന ഗജപൂജയ്ക്ക് ശേഷം ഭഗവാന്റെ പ്രസാദം എഴുന്നളളിക്കുന്ന ഗജവീരന് നൽകി. മലയാലപ്പുഴ രാജൻ വൈക്കത്തപ്പന്റെ തിടമ്പേ​റ്റി. ഒരു പ്രദക്ഷിണത്തിന് ശേഷം കൊടിമരച്ചുവടിന് അഭിമുഖമായി നിന്ന് പാർവ്വതി ദേവിയോട് യാത്ര ചോദിച്ചു. ദേവിയെ സംരക്ഷിക്കുവാൻ അനുചരൻമാർക്ക് നിർദ്ദേശം നൽകി ആറാട്ടിനായി പുറപ്പെട്ടു.ഉദയനാപുരം ക്ഷേത്രത്തിന്റെ ഗോപുരം കയറി നിന്ന വൈക്കത്തപ്പനെ ആചാരപ്രകാരം ഉദയനാപുരത്തപ്പൻ എഴുന്നള്ളി അരിയും പൂവും എറിഞ്ഞ് വരവേ​റ്റു. വെളിനെല്ലൂർ മണികണ്ഠൻ ഉദയനാപുരത്തപ്പന്റെ തിടമ്പേ​റ്റി. ഉദയനാപുരം ഇരുമ്പൂഴിക്കരയിലെ ആറാട്ട് കുളത്തിലാണ് വൈക്കത്തപ്പന്റെ ആറാട്ട്. വാദ്യമേളങ്ങളും സായുധ സേനയും അകമ്പടിയായി. ആറാട്ടിന് ശേഷം ഉദയനാപുരം ക്ഷേത്രത്തിൽ എത്തിയതോടെ കൂടിപ്പു ജയും നടന്നു. ഉദയനാപുരത്തപ്പന്റെ ശ്രീകോവിലിൽ വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും തങ്കവിഗ്രഹങ്ങൾ ഒരേ പീഠത്തിൽ വച്ച് പൂജകൾ നടത്തിയ ചടങ്ങാണ് കൂടി പ്പൂജ. കൂടിപ്പൂജ വിളക്കിന് ശേഷം ഉദയനാപുരത്തപ്പനോട് വിട പറഞ്ഞ് വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിച്ചു.