
കോട്ടയം: ഒരു മാസത്തോളം നീണ്ട പ്രചാരണം അവസാനിപ്പിച്ച് കോട്ടയം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. കൊവിഡ് നിയന്ത്രണങ്ങളിൽ പെട്ട് ആൾക്കൂട്ടവും ആരവവും കുറഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിന് മുമ്പുള്ള നിശബ്ദ പ്രചാരണത്തിലായിരുന്നു സ്ഥാനാർത്ഥികൾ ഇന്നലെ .
നേതാക്കൾ വാർഡ് അടിസ്ഥാനത്തിൽ വിലയിരുത്തൽ നടത്തി പരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകിയപ്പോൾ സ്ലിപ്പുമായി
ചാഞ്ചാട്ടമുള്ള വോട്ടുകൾ ഉറപ്പിക്കാൻ വീടു കയറ്റത്തിലായിരുന്നു സ്ഥാനാർത്ഥികൾ.
16 ലക്ഷത്തോളം വോട്ടർമാർ
ജില്ലയിൽ 1,613,594 വോട്ടർമാരാണുള്ളത്. ഗ്രാമപഞ്ചായത്തുകളിൽ 13,72,533ഉം നഗരസഭകളിൽ 2,41,061 ഉം. പഞ്ചായത്തിൽ എരുമേലിയിലാണ് കൂടുതൽ വോട്ടർമാർ: 35,006 . ഏറ്റവും കൂറവ് തലനാട് പഞ്ചായത്തിലും 5618 പേർ. നഗരസഭകളിൽ കടുതൽ കോട്ടയത്ത് 1,03,025 . കുറവ് പാലായിൽ 19771പേർ. ആകെ 2332 പോളിംഗ് ബൂത്തുകളുണ്ട്.
5432 സ്ഥാനാർത്ഥികൾ
ജില്ലാ പഞ്ചായത്ത് 22 വാർഡുകളിൽ 89 സ്ഥാനാർത്ഥികൾ
ബ്ലോക്ക് പഞ്ചായത്ത് 146 വാർഡുകളിൽ 491 പേർ
നഗരസഭ -204 വാർഡ് -734 സ്ഥാനാർത്ഥികൾ
ഗ്രാമ പഞ്ചായത്ത് 1140 വാർഡ്- 4118 സ്ഥാനാർത്ഥികൾ
ആകെ 1512 വാർഡുകളിലായി 5432 സ്ഥാനാർത്ഥികൾ
ഉയർന്ന പോളിംഗ് പ്രതീക്ഷ
70 -72 ശതമാനം വരെ പോളിംഗ് ഉണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. കൊവിഡ് കാരണം അന്യ സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ വരെ നാട്ടിലുണ്ട്. വിദേശങ്ങളിൽ നിന്നും കൂടുതൽ പേർ എത്തിയിട്ടുണ്ട്. ആദ്യ ഘട്ട പോളിംഗ് നടന്ന സ്ഥലങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ ഒരു പ്രശ്നവുമുണ്ടാക്കാത്ത സാഹചര്യത്തിൽ കോട്ടയത്ത് പോളിംഗ് വർദ്ധിച്ചേക്കുമെന്നാണ് കണക്കു കൂട്ടൽ .
സമാധാനപരം
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിൽ അതിരമ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റ സംഭവമൊഴിച്ചാൽ ജില്ലയിൽ അനിഷ്ടസംഭവങ്ങൾ ഒന്നുമുണ്ടായില്ല . പ്രശ്ന ബാധിത ബൂത്തുകളിൽ മതിയായ പൊലീസ് സാന്നിദ്ധ്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വിജയ പ്രതീക്ഷയിൽ മുന്നണി നേതാക്കൾ
തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺഗ്രസ്)
2015ൽ കോട്ടയം ജില്ലയിൽ യു.ഡി.എഫ് നേടിയ വിജയം മറികടക്കും. ജില്ലാ പഞ്ചായത്തിൽ 22ൽ 18 ഡിവിഷനുകളിൽ വരെ ജയിക്കാം കോട്ടയം നഗരസഭയിൽ 52ൽ യു.ഡി.എഫിന് 30 സീറ്റിൽ കുറയില്ല
വി.എൻ.വാസവൻ (സി.പി.എം)
എൽ.ഡി.എഫ് ചരിത്ര വിജയം നേടും. ജില്ലാ പഞ്ചായത്തിൽ 20 ഡിവിഷനുകളിൽ വരെ ജയിക്കാം . മുഴുവൻ നഗരസഭകളിലും പ്രതീക്ഷയുണ്ട്. ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളിൽ മേൽക്കൈ നേടും.
നോബിൾ മാത്യു, (ബി. ജെ. പി.)
എൻ.ഡി.എ കോട്ടയത്ത് നിർണായക ശക്തിയാകുന്ന തിരഞ്ഞെടുപ്പാണ് . ജില്ലാ പഞ്ചായത്തിൽ അടക്കം ആദ്യമായി സീറ്റു പിടിക്കും. ചില ഗ്രാമ പഞ്ചായത്തുകൾ ഒറ്റക്കു ഭരിക്കും.