
കോട്ടയം: തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിത ചട്ടം പാലിച്ചു നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, ഹരിത സഹായ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ മാതൃകാ ബൂത്തുകള്‍ സജ്ജീകരിച്ചു. പോളിംഗ് ബൂത്തുകളില്‍ ഹരിത ചട്ടം പാലിക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഓലകൊണ്ടുള്ള വല്ലം, ഹരിത അലങ്കാരങ്ങള്‍, കുടിവെള്ളത്തിന് മണ്‍ കൂജയും സ്റ്റീല്‍ ഗ്ലാസുകളും തുടങ്ങിയവയാണ് മാതൃക പോളിംഗ് സ്റ്റേഷനുകളുടെ പ്രത്യേകത. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബൂത്തുകളില്‍നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അണു വിമുക്തമാക്കിയ ശേഷം ഹരിത കര്‍മസേനയുടെ സഹായത്തോടെ അതത് ഗ്രാമ പഞ്ചായത്തുകളുടെ എം.സി. എഫുകളിലേക്കു മാറ്റും. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കും. ഹരിത ബൂത്തുകള്‍ ഒരുക്കുന്നതില്‍ സജീവമായിരുന്ന ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തിരഞ്ഞെടുപ്പ് ദിവസം ഹരിത ചട്ട പാലനം ഉറപ്പാക്കുന്നതിനും രംഗത്തുണ്ടാകുമെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ് പറഞ്ഞു.