
കോട്ടയം: പൊലീസും ജില്ലാ ഭരണകൂടവും വോട്ടെടുപ്പ് സുഗമവും സുരക്ഷിതവുമായി നടത്തുന്നതിനുള്ള എല്ലാ സംവിധാനവും ഒരുക്കി. ബൂത്തുകളിൽ രണ്ടു പൊലീസുകാരെ വീതമാണ് നിയോഗിക്കുക. കൂടാതെ പട്രോളിംഗ് സംഘം കൃത്യമായ ഇടവേളകളിൽ പ്രശ്‌ന ബാധിതസ്ഥലങ്ങളിൽ പരിശോധന നടത്തും.
ജില്ലയിൽ 30 ബൂത്തുകൾ പ്രശ്‌നസാദ്ധ്യതയുള്ളതാണ്. ചങ്ങനാശേരി -1, ഈരാറ്റുപേട്ട-2, കുമരകം-8, മണിമല -6 , പൊന്‍കുന്നം -7, തലയോലപ്പറമ്പ് -4, വൈക്കം -2 എന്നിങ്ങനെയാണ് ഇവയാടെ എണ്ണം.
17 ഇടത്ത് വെബ് കാസ്റ്റിംഗ് സംവിധാനവും 13 കേന്ദ്രങ്ങളില്‍ നടപടിക്രമങ്ങള്‍ ഡോക്യുമെൻ്റ് ചെയ്യുന്നതിന് വീഡിയോഗ്രാഫര്‍മാരെയും നിയോഗിക്കും.
നൂറ് മീറ്ററിൽ ഒന്നും വേണ്ട
ബൂത്തുകളുടെ നൂറു മീറ്റർ പരിധിയിൽ പോസ്റ്ററുകളോ പ്രചാരണ സാമഗ്രികളോ പാടില്ല. രാഷ്‌ട്രീയ പാർട്ടികളുടെ ചിഹ്നമോ, തിരഞ്ഞെടുപ്പ് അടയാളമോ ഉള്ള വസ്‌തുക്കളുമായി ഈ പരിധിയിൽ പ്രവേശിക്കാനുമാവില്ല. ഒരു എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് നിരന്തര നിരീക്ഷണം നടത്തും.