
കോട്ടയം: വേട്ടെടുപ്പിന് ജില്ല സജ്ജം. ഇന്നലെ 17 കേന്ദ്രങ്ങളില്‍ നിന്ന് പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങി ഉദ്യോഗസ്ഥർ ബൂത്തുകളിലെത്തി. ഇന്നു രാവിലെ ഏഴുമുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് മോക് പോള്‍ നടത്തും. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു ശേഷം കൊവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റൈന്‍ നിര്‍ദേശിക്കുകയോ ചെയ്ത വോട്ടര്‍മാര്‍ക്ക് ബൂത്തില്‍ എത്തി വോട്ടു രേഖപ്പെടുത്തുന്നതിന് വൈകിട്ട് 5 മുതൽ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോളിംഗ് സാമഗ്രികളുടെ വിതരണം
തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പനി പരിശോധിച്ചും കൈകള്‍ അണുവിമുക്തമാക്കിയുമാണ് പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. തിരക്ക് ഒഴിവാക്കുന്നതിനായി ബ്ലോക്ക് തലത്തില്‍ ഓരോ ഗ്രാമപഞ്ചായത്തിനും മുനിസിപ്പാലിറ്റികളില്‍ ഓരോ വാര്‍ഡുകള്‍ക്കും പ്രത്യേക സമയം നല്‍കിയിരുന്നു . ഗ്രാമ പഞ്ചായത്തുകളിലെ ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമാണുള്ളത്. ഒരു ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും അടങ്ങുന്നതാണ് നഗരസഭകളിലെ വോട്ടിംഗ് യന്ത്രം.
പോള്‍ മാനേജര്‍ ആപ്പ്
വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെയുള്ള വിവരങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, വരണാധികാരികള്‍ എന്നിവര്‍ക്ക് ലഭ്യമാകുന്നത് പോള്‍ മാനേജര്‍ ആപ്ലിക്കേഷനിലൂടെയാണ്. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാവുക. വോട്ടെടുപ്പിന്‍റെ പുരോഗതി നിശ്ചിത ഇടവേളകളില്‍ ഇതിലൂടെ ലഭിക്കും. ആപ്ലിക്കേഷന്‍റെ ഏകോപന ചുമതല ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ബീന സിറിള്‍ പൊടിപ്പാറയ്ക്കാണ്.