ഭരണങ്ങാനം : ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലും യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വിലയിരുത്തി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിൽ കേരള കോൺഗ്രസ് (എം) ഉണ്ടായിരുന്നപ്പോൾ എല്ലാം കോൺഗ്രസിനെ കാലുവാരിയ ചരിത്രമാണ് സാക്ഷ്യപ്പെടുത്താനുള്ളതെന്ന് യോഗം അഭിപ്രായപ്പെട്ടു. അൻപത് വർഷക്കാലമായി യു.ഡി.എഫിന് ഒപ്പം നിന്നുകൊണ്ട് എല്ലാ സ്ഥാനമാനങ്ങളും നേടിയെടുത്തശേഷം എൽ.ഡി.എഫിലേക്ക് പോയ ജോസ് വിഭാഗം യു.ഡി.എഫിനെക്കൊണ്ട് നേടിയെടുത്ത സ്ഥാനമാനങ്ങൾ രാജിവശേഷം മത്സരിക്കണമായിരുന്നുവെന്ന് യോഗം വിലയിരുത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോയി മാത്യു എലിപ്പുലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ജോയി സ്‌കറിയ, സി.റ്റി. രാജൻ, ആർ. പ്രേംജി, മോളി പീറ്റർ, ടോം കോഴിക്കോട്ട്, ടോമി പൊരിയത്ത്, അഡ്വ. സജി ജോസഫ്, അജി ജെയിംസ്, ഷൈൻ പാറയിൽ, എൻ.ഇ. കുര്യൻ എന്നിവർ പ്രസംഗിച്ചു.