പാലാ : ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രകിയ ചെയ്യാൻ അനുമതി നൽകുന്ന കേന്ദ്ര ഭാരതീയ ചികിത്സാ കൗൺസിലിന്റെ ഉത്തരവിനെതിരെ ഐ.എം.എ ഇന്ന് നടത്തുന്ന മെഡിക്കൽ ബന്തിന് പാലായിലെ ഡോക്ടർമാർ പിന്തുണ പ്രഖ്യാപിച്ചു. ഐ.എം.എ പാലാ ശാഖയുടെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലെയും ഡോക്ടർമാരും ദന്ത ഡോക്ടർമാരും പണിമുടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് മെഡിക്കൽ ബന്ദ്. കാഷ്വാലിറ്റിയിലും കൊവിഡ് ചികിത്സയും നടത്തുന്ന ഡോക്ടർമാരെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ ഐ.എം.എ.സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സിറിയക് തോമസ്, പാലാ ശാഖാ പ്രസിഡന്റ് ഡോ. ജോസ് കുരുവിള, ഭാരവാഹികളായ ഡോ.സേതു സ്റ്റീഫൻ, ഡോ. ജി.ഹരീഷ് കുമാർ എന്നിവർ പങ്കെടുത്തു.