പൊൻകുന്നം : പ്രധാന മുന്നണി സ്ഥാനാർത്ഥികൾക്കൊപ്പമോ ഒരുപിടി മുന്നിലോ ആയിരുന്നു പ്രചാരണരംഗത്ത് ചില സ്വതന്ത്രർ. കുടുംബബലവും സുഹൃത്ത്ബന്ധങ്ങളും വോട്ടായിമാറുമെന്ന പ്രതീക്ഷയിലാണ് പലരും മത്സരരംഗത്തെത്തുന്നത്. മത്സരം കടുക്കുമ്പോൾ വാശിയും കൂടും പ്രതീക്ഷയും. അങ്ങനെയാണ് സ്വതന്ത്രരിൽ ചിലരെങ്കിലും പ്രചാരണത്തിൽ മുന്നിലെത്തുന്നത്. ചിലർ അട്ടിമറി വിജയവും നേടും. ചിറക്കടവ് പഞ്ചായത്തിൽ 11ാം വാർഡിലും 20ാം വാർഡിലുമാണ് പ്രധാനമായും സ്വതന്ത്രർ മുന്നേറുന്നതും മുന്നണി സ്ഥാനാർത്ഥികൾക്ക് തലവേദനയാകുന്നതും. എലിക്കുളം പഞ്ചായത്ത് രണ്ടാംവാർഡിൽ ഇടതുമുന്നണിയുടെ മുൻപഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് സ്വതന്ത്രനായി പത്രിക നൽകി. എൽ.ഡി.എഫ് സീറ്റ് കൊടുക്കാത്തതാണ് കാരണം. ഈ വാർഡിൽ സ്ഥാനാർത്ഥി ഇല്ലാതിരുന്ന യു.ഡി.എഫ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇടതുമുന്നണി സ്ഥാനാർത്ഥി യൂത്ത്ഫ്രണ്ട്(എം) സംസ്ഥാനപ്രസിഡന്റ് സാജൻ തൊടുകയാണ്. അരുൺ സി.മോഹനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. 14ാം വാർഡിൽ കോൺഗ്രസിന്റെ മുൻപഞ്ചായത്തംഗം ജോജോ ചീരാംകുഴി പാർട്ടിവിട്ട് സ്വതന്ത്രനായി മത്സരിക്കുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മുൻപഞ്ചായത്തംഗവുമായ ജോഷി കെ.ആന്റണിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ബിനു വേലായുധൻ(എൻ.ഡി.എ), സിബി ഈരൂരിക്കൽ(എൽ.ഡി.എഫ്) എന്നിവരാണ് ഇവിടെ മറ്റ് സ്ഥാനാർത്ഥികൾ.