കുമരകം : അന്തരീക്ഷമാകെ കുമ്മായ പൊടി, ദുർഗന്ധം വമിക്കുന്ന കാറ്റ്, വായുസഞ്ചാരമില്ലാത്ത ചെറിയ മുറി...പരാധീനതകളിൽ വീർപ്പുമുട്ടുകയാണ് കുമരകം ചൂളപ്പടിയിലെ കുമ്മായ സഹകരണ സംഘത്തിൽ സജ്ജമാക്കിയ പോളിംഗ് സ്റ്റേഷൻ. കുമരകം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിലെ ചെപ്പന്നൂർക്കരി പ്രദേശത്തുള്ളവർ വോട്ട് ചെയ്യേണ്ടത് ഇവിടെയാണ്. മുറിയുടെ സ്ഥലപരിമിതിയിൽ സാമൂഹ്യ അകലം പാലിച്ച് ഉദ്യോഗസ്ഥർക്കും പോളിംഗ് ഏജന്റുമാർക്കും ഇരിക്കാൻ പോലും സാധിക്കില്ല. വോട്ട് ചെയ്യാനെത്തുന്നവർ കൂടി ഉള്ളിൽ പ്രവേശിച്ചാൽ നിന്ന് തിരിയാൻ ഇടമില്ലാതാകും. കൊവിഡ് ഭീതി നിലനിൽക്കുമ്പോൾ ഈ കെട്ടിടം അധികൃതർ പോളിംഗ് സ്റ്റേഷനായി തിരെഞ്ഞെടുത്തതിൽ ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും അതൃപ്തിയുണ്ട്. കഴിഞ്ഞ തിഞ്ഞെടുപ്പിലും ഇവിടുത്തെ അസൗകര്യവും അന്തരീക്ഷ മലിനീകരണവും ചൂണ്ടിക്കാട്ടി വേട്ടർമാർ പരാതിപ്പെട്ടിരുന്നു.