കട്ടപ്പന: കട്ടപ്പന നഗരസഭയിൽ 74.57 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 24ാം വാർഡായ വള്ളക്കടവിലാണ് ഏറ്റവുമധികം പേർ വോട്ട് ചെയ്തത്. 86.34 ശതമാനം. ആകെയുള്ള 725 വോട്ടർമാരിൽ 626 പേരും സമ്മതിദാനം വിനിയോഗിച്ചു. 55.17 ശതമാനം പേർ വോട്ട് ചെയ്ത 20ാം വാർഡായ പള്ളിക്കവലയിലാണ് ഏറ്റവും കുറവ്. 861 പേരിൽ 475 പേർ മാത്രമാണ് വോട്ട് ചെയ്തത്. ശക്തമായ പോരാട്ടം നടക്കുന്ന കട്ടപ്പനയിൽ എൽ.ഡി.എഫിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം13, സി.പി.എം12, സി.പി.ഐ7, എൻ.സി.പി1, ജനതാദൾ1, യു.ഡി.എഫിൽ കോൺഗ്രസ്26, കേരള കോൺഗ്രസ് ജോസഫ് വിഭാഗം8, എൻ.ഡി.എയിൽ ബി.ജെ.പി28, ബി.ജെ.പി. പിന്തുണയുള്ള സ്വതന്ത്രൻ1 എന്നിങ്ങനെയാണ് സീറ്റുകളിൽ മത്സരിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ജോസ് വിഭാഗവും നേർക്കുനേർ ഏറ്റുമുട്ടുന്ന വാർഡുകളുമുണ്ട്.
വലിയപാറ, കൊച്ചുതോവള, കുന്തളംപാറ സൗത്ത്, മേട്ടുക്കുഴി, മുളകരമേട് എന്നീ വാർഡുകളിൽ 80 ശതമാനത്തിന് മുകളിൽ വോട്ട് രേഖപ്പെടുത്തി. പ്രമുഖർ മത്സരിച്ച വാർഡുകളിലെല്ലാം മികച്ച പോളിംഗായിരുന്നു. മുൻ ചെയർമാൻമാരായ ജോയി വെട്ടിക്കുഴി, ജോണി കുളംപള്ളി, കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിൾ, സി.പി.എം. ഏരിയ കമ്മിറ്റിയംഗം കെ.പി. സുമോദ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സിജോമോൻ ജോസ്, കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് സിബി പറപ്പായി തുടങ്ങിയവർ മത്സരിച്ച വാർഡുകളിലും മികച്ച വോട്ട് ശതമാനമാണ്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മികച്ച പോളിംഗ് രേഖപ്പെടുത്തിയതിനാൽ മുന്നണികൾ വിജയപ്രതീക്ഷയിലാണ്.