postel-ballot

ചങ്ങനാശേരി: പോസ്റ്റൽ ബാലറ്റുമായി പോസ്റ്റുമാൻ എത്തിയപ്പോൾ വീട്ടുകാർക്ക് ആദ്യം അത്ഭുതമൊന്നും തോന്നിയില്ല, എന്നാൽ ഒന്നേകാല്‍ വയസ്സുള്ള കുഞ്ഞിനാണ് പോസ്റ്റല്‍ ബാലറ്റ് എന്നറിഞ്ഞപ്പോൾ അന്തം വിട്ടു. ചങ്ങനാശേരി നഗരസഭയിലെ 29-ാം വാര്‍ഡ് കിഴക്കേ വീട്ടിൽ ഫിറോസിന്റെയും ഡോ.റെജിത റഹീമിന്റെയും മകനായ മുഹമ്മദ് സയ്യാന്‍ ഫിറോസിനാണ് ഇന്നലെ പോസ്റ്റല്‍ ബാലറ്റ് എത്തിയത്.

ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടറായ റെജിത റഹീമിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടിൽ ഒപ്പം താമസിക്കുന്ന ഫിറോസിന്റെ പിതാവും മാതാവും നിരീക്ഷണത്തിലായിരുന്നു. ഇവര്‍ ആവശ്യപ്പെട്ട പ്രകാരം ലഭിച്ച പോസ്റ്റല്‍ ബാലറ്റ് കഴിഞ്ഞ ദിവസം വോട്ട് ചെയ്ത് അയയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ കുഞ്ഞിനും പോസ്റ്റല്‍ ബാലറ്റ് വന്നത്. ബാലറ്റ് പോസ്റ്റുമാനെ തിരികെ ഏല്‍പ്പിച്ചു.

മുഹമ്മദ് സയ്യാന്റെ പിതാവ് ഫിറോസ് വിദേശത്താണ്. ഫിറോസിന്റെ പിതാവ് ഹലീല്‍ റഹിമാന്‍ എസ്.ടി.യു കോട്ടയം ജില്ലാസെക്രട്ടറിയാണ്.