kottayam

കോട്ടയം: കൊവിഡിനെ ഭയക്കാതെ ജനം ബൂത്തുകളിലേക്ക് ഇരച്ചെത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും അല്ലാതെയും നീണ്ട ക്യൂവാണ് അതിരാവിലെ തന്നെ മിക്ക ബൂത്തുകളിലും ദർശിക്കാനായത്. പതിവിനു വിപരീതമായി ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂവാണ് പ്രത്യക്ഷപ്പെട്ടത്. ഉച്ചക്ക് മുമ്പുതന്നെ 40 ശതമാനം ജനം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ആളുകൾ ഇപ്പോഴും ബൂത്തുകളിലേക്ക് എത്തിക്കൊണ്ടിരിക്കയാണ്. ഉച്ചയോടെ ക്യൂവിന്റെ നീളം കുറഞ്ഞുതുടങ്ങി.

ജില്ലയിൽ അനിഷ്ടസംഭവങ്ങളൊന്നുംതന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, മുണ്ടക്കയം ഇളങ്കാട് അഞ്ചാം വാർഡിലെ ബൂത്തിൽ ആറുമണിക്ക് പോളിംഗ് ആരംഭിച്ചത് പ്രശ്നങ്ങൾക്ക് ഇടയാക്കി. ജനം തെറ്റ് പ്രിസൈഡിംഗ് ഓഫീസറെ അറിയിച്ചതോടെ വോട്ടെടുപ്പ് നിർത്തിവച്ചു. ഇതിനോടകം 19 പേർ വോട്ട് ചെയ്ത് മടങ്ങിയിരുന്നു.വോട്ട് ചെയ്തവരെ തിരിച്ചുവിളിച്ച് വീണ്ടും വോട്ട് ചെയ്യിപ്പിച്ചതോടെ പ്രശ്നം പരിഹരിച്ചു. എന്നാൽ പ്രിസൈഡിംഗ് ഓഫീസർക്കെതിരെ നടപടി ഉണ്ടായേക്കും. കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി എന്നിവിടങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയത് അല്പസമയം വോട്ട് നിർത്തിവയ്ക്കേണ്ടിവന്നു. കാഞ്ഞിരപ്പള്ളി 16ാം വാർഡിലെ ബൂത്തിൽ വോട്ടെടുപ്പ് മെഷീൻ തകരാറിലായത് അല്പസമയം പ്രശ്നങ്ങൾക്ക് ഇടയാക്കി. ചങ്ങനാശേരി പായിപ്പാട് ബൂത്തിലും യന്ത്രത്തകരാ‌ർ സംഭവിച്ചു. ആദ്യ ഒരു മണിക്കൂറിനുള്ളിൽ ജില്ലയിൽ 8.7ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. എന്നാൽ പാലായിൽ പത്തു ശതമാനം പേർ എട്ടു മണിക്കുമുമ്പേ വോട്ട് ചെയ്തു. പാലാ മണ്ഡലത്തിലെ ഏഴാച്ചേരി ജി.വി.യു.പി.സ്കൂൾ ബൂത്തിൽ വൈദ്യുതി ഇല്ലാതിരുന്നത് പ്രശ്നമായി. പ്രിസൈഡിംഗ് ഓഫീസർ മൊബൈൽ ഫോൺ തെളിച്ച് പ്രശ്നം പരിഹരിച്ചു. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് പൗവ്വത്തിൽ എന്നിവർ രാവിലെ ഏഴിനുതന്നെ അസംപ്ഷൻ കോളേജിലെ ബൂത്തിലെത്തി വോട്ട് ചെയ്തു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി കുടുംബസമേതം എത്തി വാഴപ്പള്ളി ബൂത്തിലാണ് സമ്മതിദാനവകാശം രേഖപ്പെടുത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുടുംബസമേതം പത്തുമണിയോടെയാണ് പുതുപ്പള്ളി പള്ളിസ്ക്കൂളിൽ എത്തി വേട്ട് രേഖപ്പെടുത്തിയത്. രാവിലെ പത്തുമണിയോടെ 23.9 ശതമാനം പേരാണ് വോട്ട് ചെയ്തത്. 15 മിനിറ്റ് കഴിഞ്ഞപ്പോൾ പോളിംഗ് ശതമാനം 24.64 ശതമാനമായി ഉയർന്നു. 11 മണിയായപ്പോൾ 35 ശതമാനമായി. 30 മിനിറ്റ് കഴിഞ്ഞപ്പോൾ 37.23 ശതമാനമായി ഉയർന്നു. ജില്ലയിൽ 16,13,594 വോട്ടർമാരിൽ ഗ്രാമപഞ്ചായത്തുകളിൽ 13,72,533 വോട്ടർമാരാണുള്ളത്. 2,41,061 വോട്ടർമാരാണ് നഗരസഭകളിലുള്ളത്. എരുമേലിയിലാണ് കൂടുതൽ വോട്ടർമാർ 35,006. ഏറ്റവും കുറവ് തലനാട് പഞ്ചായത്തിൽ. 5,618. കോട്ടയം നഗരസഭയിൽ 1,03,025വോട്ടർമാരാണുള്ളത്. കുറവ് പാലായിലാണ്. 19,771 വോട്ടർമാർ. ആകെ 2332 പോളിംഗ് ബൂത്തുകളാണ് ജില്ലയിലുള്ളത്. ജില്ലയിലെ ആറ് നഗരസഭകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും 71 ഗ്രാമപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.