
കോട്ടയം: വോട്ടവകാശം വിനിയോഗിച്ച് പ്രമുഖർ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുടുംബസമേതം രാവിലെ പുതുപ്പള്ളി പഞ്ചായത്തിലെ 16ാം വാർഡിലെ ജോർജിയൻ പബ്ലിക് സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ.മാണി എം.പി പാലാ അൽഫോൻസാ കോളേജിലെ ബൂത്തിൽ മാതാവ് കുട്ടിയമ്മയ്ക്കൊപ്പം വോട്ട് ചെയ്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാഴൂർ പഞ്ചായത്തിലെ പുളിക്കൽകവല വൈ.എം.സി.എ ഹാളിലെ ബൂത്തിലെത്തി വോട്ട് ചെയ്തു. തോമസ് ചാഴികാടൻ എം.പിക്ക് കോട്ടയം എസ്.എച്ച് മൗണ്ട് സ്‌കൂളിലെ ബൂത്തിലായിരുന്നു വോട്ട്. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയം മോഡൽ സ്‌കൂളിലും സുരേഷ് കുറുപ്പ് തിരുനക്കര കോ ഓപ്പറേറ്റീവ് കോളേജിലും
ഡോ. എൻ.ജയരാജ് ചമ്പക്കര ചെറുമാക്കൽ അംഗൻവാടിയിലും പി.സി. ജോർജ് ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലും സി.കെ.ആശ വല്ലകം സെന്റ് മേരീസ് പള്ളിക്ക് സമീപമുള്ള കയർ സൊസൈറ്റിയിലും മോൻസ് ജോസഫ് ആപ്പാഞ്ചിറ വെൽഫെയർ സ്‌കൂളിലും വോട്ട് ചെയ്തു. നടൻ വിജയരാഘവൻ കുടുംബ സമേതം വേളൂർ സി.എം.എസ് ഹൈസ്കൂളിൽ വോട്ട് ചെയ്തു. കോട്ടയം കഞ്ഞിക്കുഴി സി.എം.എസ് എൽ.പി സ്‌കൂളിലായിരുന്നു ചലച്ചിത്ര സംവിധായകൻ ജയരാജിന് വോട്ട്.
സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ പാമ്പാടി എം.ജി.എം സ്‌കൂളിലും മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വെള്ളാവൂർ പഞ്ചായത്ത് ആറാം വാർഡിലെ മണിമല സെന്റ് ജോർജസ് ഹൈസ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ മകൾ ഡോ. സുജാതയ്ക്കൊപ്പമെത്തി വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലും അസംപ്ഷൻ കോളേജിന് സമീപത്തെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ എന്നിവർ സെന്റ് മേരീസ് ഗേൾസ് ജി.എച്ച്.എസ്.എസിലാണ് വോട്ട് ചെയ്തത്.