thommi

പുതുപ്പള്ളി: 102 വയസായി പുതുപ്പള്ളി പറപ്പള്ളിൽ സ്കറിയ തൊമ്മിക്ക്. സാക്ഷാൽ ഉമ്മൻചാണ്ടിയുടെ അദ്ധ്യാപകൻ കൂടിയായ സ്കറിയ തൊമ്മിയുടെ ഇത്തവണത്തെ വോട്ടിന് ഒരു പ്രത്യേകതയുണ്ട്. ശിഷ്യനൊപ്പമാണ് സ്കറിയ വോട്ട് ചെയ്തത്.

രാവിലെ 10 ഓടെയാണ് പുതുപ്പള്ളി ജോർജിയൻ പബ്ളിക് സ്കൂളിൽ വോട്ട് ചെയ്യാൻ സ്കറിയ തൊമ്മിയെത്തിയത്. അപ്പോഴാണ് അറിഞ്ഞത് ഉടനെ തന്നെ ഉമ്മൻചാണ്ടിയും കുടുംബവും വോട്ടു ചെയ്യാൻ ഇതേ സ്കൂളിൽ വരുമെന്ന്. എന്നാൽ പഴയ ശിഷ്യനെക്കൂടി കാണാമെന്നായി സ്കറിയ തൊമ്മി. പുതുപ്പള്ളി ഗവ.ബോയ്സ് ഹൈസ്കൂളിൽ ഉമ്മൻചാണ്ടിയുടെ അദ്ധ്യാപകനായിരുന്നു സ്കറിയാ തൊമ്മി. തിരഞ്ഞെടുപ്പേതായാലും 102 വയസിനിടെ ഒരു തവണ പോലും അദ്ദേഹം വോട്ട് മുടക്കിയിട്ടില്ല. ആറ് മാസം കഴിയുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിഷ്യന് വോട്ടു ചെയ്യാമല്ലോയെന്നതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം. മകനൊപ്പം ബൂത്തിലെത്തിയ സ്കറിയ ഉമ്മൻചാണ്ടിയോട് കുശലം പറഞ്ഞാണ് മടങ്ങിയത്.