umen-chandy

കോട്ടയം: ഇരു കേരള കോൺഗ്രസുകൾ രണ്ട് മുന്നണികളിലായി മുഖാമുഖം ഏറ്റുമുട്ടുന്ന കോട്ടയത്ത് നേതാക്കളുടെ അവകാശ പെരുമഴ. ഒപ്പം നിന്ന് കെ.എം. മാണിയെ ചതിച്ചവർക്കെതിരെ മദ്ധ്യകേരളം വിധിയെഴുതുമെന്ന് ജോസ് കെ. മാണി പറഞ്ഞപ്പോൾ, കെ.എം. മാണിയെ അപമാനിച്ച എൽ.ഡി.എഫിനൊപ്പം ചേർന്ന ജോസിനെ ജനം തള്ളുമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി.

പാലാ സീറ്റിനായി കടുംപിടിത്തം പിടിക്കുന്ന എൻ.സി.പി നേതാവ് മാണി സി. കാപ്പൻ ജോസിന്റെ വാദം തള്ളി. മദ്ധ്യകേരളത്തിൽ ഇടത് മുന്നണിക്ക് നേട്ടമുണ്ടായാൽ അത് ജോസ് കെ. മാണിയുടെ മാത്രം പ്രവർത്തനം കൊണ്ടല്ലെന്നും ഇടതു സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടർമാർ തിരിച്ചറിയുന്നത് കൊണ്ടായിരിക്കുമെന്നുള്ള മുനവച്ചുള്ള പ്രതികരണമാണ് കാപ്പൻ നടത്തിയത്. വോട്ടിട്ട ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം.
നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായടക്കം കൂടുതൽ സീറ്റിനായി വിലപേശണമെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കരുത്തു തെളിയിക്കണമെന്നതിനാൽ കോട്ടയം കേന്ദ്രീകരിച്ചായിരുന്നു ജോസിന്റെ പ്രവർത്തനം. കെ.എം. മാണി നേരത്തേ മരിച്ചത് രമേശ് ചെന്നിത്തല കാരണമാണെന്ന വിവാദ ലേഖനം പാലാ രൂപതയുടെ മുഖപത്രത്തിൽ കഴിഞ്ഞ ദിവസം വന്നതോടെ സഭയുടെ പിന്തുണ ജോസ് വിഭാഗത്തിന് ലഭിച്ചതായും വിലയിരുത്തലുണ്ട്. ഇത് ഇടതു മുന്നണിയുടെ പ്രതീക്ഷയും വർദ്ധിപ്പിച്ചു.