election


പാലാ : മെഷീൻ പണിമുടക്കിയതിനെത്തുടർന്ന് വിവിധയിടങ്ങളിൽ പോളിംഗ് മുടങ്ങി. മീനച്ചിൽ പഞ്ചായത്തിലെ പൈക ലിറ്റിൽ ഫ്‌ളവർ സ്‌കൂളിലെ രണ്ട് ബൂത്തുകളിലും പാലാ നഗരസഭയിലെ പാലാ മഹാത്മാഗാന്ധി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ബൂത്തിലും കിടങ്ങൂർ പഞ്ചായത്തിലെ ചേർപ്പുങ്കൽ എൻ.എസ്.എസ് ഹാളിലെ ബൂത്തിലുമാണ് യന്ത്രങ്ങൾ പണിമുടക്കിയത്.

കള്ളവോട്ട് നടന്നതായി ആരോപണം
പാലാ : കടനാട് പഞ്ചായത്തിലെ 9-ാം വാർഡിലെ രണ്ടാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതായി ആരോപണം. 6 വർഷം മുൻപ് മരണമടഞ്ഞ കടനാട് നെല്ലങ്കുഴിയിൽ ചെറിയാന്റെ പേരിൽ കളളവോട്ട് നടന്നുവെന്നാണ് മകനും കെ.ടി.യു.സി (എം) കടനാട് മണ്ഡലം പ്രസിഡന്റുമായ സജി നെല്ലങ്കുഴിയുടെ പരാതി. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർ മാത്യു പറഞ്ഞു.

ക്രമനമ്പർ മാറിയതായി പരാതി
പാലാ : പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ 13-ാം വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥി തുളസി സുഗതന്റെ ക്രമനമ്പർ മാതൃക ബാലറ്റിൽ നിന്ന് വ്യത്യസ്തമായി വോട്ടിംഗ് മെഷീനിൽ സെറ്റ് ചെയ്തതായി പരാതി . സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ച സൈററിലും മോഡൽ ബാലറ്റിലും രണ്ടാമതായാണ് തുളസിയുടെ പേര് ഉണ്ടായിരുന്നത്. ഇതനുസരിച്ച് രണ്ടാം നമ്പരിൽ വോട്ട് രേഖപ്പെടുത്തണമെന്ന് തുളസി പ്രചാരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ വോട്ടിംഗ് മെഷീനിൽ തുളസിയുടെ പേര് ആദ്യമാണ് വന്നത്. ഇടത് മുന്നണി സ്ഥാനാർത്ഥി പാർവതി അമലിന്റെ പേര് രണ്ടാം സ്ഥാനത്തും. ഇതിൽ ഗൂഢാലോചന ഉണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായും തുളസി സുഗതൻ പറഞ്ഞു.

ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന്

പാലാ: പാലാ നഗരസഭ 14 ാം വാർഡിലെ കണ്ണാടിയുറുമ്പ് സ്കൂളിലെ ബൂത്തിൽ മഷി പുരട്ടാൻ രാവിലെ ഇരുന്ന ഉദ്യോഗസ്ഥൻ വോട്ടർമാരോട് പരുഷമായാണ് പെരുമാറിയതെന്ന് പരാതി. കൊവിഡ് കാലമായിട്ടും സ്ത്രീകളുടെതടക്കം വിരലുകൾ പിടിച്ചുവച്ച് മഷി പുരട്ടാൻ ശ്രമിക്കുകയും ചെയ്തു.