
അടിമാലി: വിനോദ സഞ്ചാര മേഖലകൾ തുറന്നു നൽകിയതോടെ ഹൈറേഞ്ചിൽ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന ഇടങ്ങളിൽ ഒന്നായി മൂന്നാർ ഇരവികുളം ദേശിയോദ്യാനം മാറി. നിലഗിരി താർ എന്നറിയപ്പെടുന്ന വരയാടുകളെ തൊട്ടടുത്ത് കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ഉയർന്നു നിൽക്കുന്ന മലനിരകളും കുടചൂടി നിൽക്കുന്ന കോടമഞ്ഞും ഇരവികുളത്തെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി തീർക്കുന്നു.കോടമഞ്ഞ് മൂടുന്ന മലയിടുക്കുകളും ദൂരെ പരന്ന് കിടക്കുന്ന തേയിലക്കാടുകളും മലയിടുക്കുകളിലൂടെ മേഞ്ഞ് നടക്കുന്ന വരയാടിൻ കൂട്ടവും ഇരവികുളത്തിന്റെ മാത്രം പ്രത്യേകതകളാണ്.സഞ്ചാരികളുടെ നിരന്തരമായുള്ള കടന്നു വരവിലൂടെ വരയാട്ടിൻ കൂട്ടം മനുഷ്യരുമായി ഇണങ്ങി കഴിഞ്ഞു.മനുഷ്യ സാന്നിദ്ധ്യമറിഞ്ഞാലുടൻ കുറ്റിക്കാടുകൾക്കുള്ളിൽ മറഞ്ഞിരുന്ന വരയാട്ടിൻ കൂട്ടമിപ്പോൾ റോഡരികിലും മറ്റും ചിത്രങ്ങൾ പകർത്താൻ യഥേഷ്ടം നിന്ന് കൊടുക്കും.വരയാടുകളെ അടുത്ത് കാണാനാവുന്നതിന്റെ സന്തോഷം സന്ദർശകരും പങ്ക് വയ്ക്കുന്നു.വരയാടുകളുടെ സംരക്ഷണത്തിനായി വലിയ നിയന്ത്രണങ്ങളാണ് ഉദ്യാനത്തിലുള്ളത്.തൊട്ടടുത്ത് വരയാട്ടിൻ കൂട്ടത്തെ കാണാമെങ്കിലും അവയെ തൊടുന്നതിന് കർശന വിലക്കുണ്ട്.നിരീക്ഷണത്തിനായി വാച്ചർമാരെയും നിയമിച്ചിട്ടുണ്ട്.സമുദ്ര നിരപ്പിൽ നിന്നും രണ്ടായിരം അടി ഉയരത്തിലാണ് ഇരവികുളം ദേശിയോദ്യാനം സ്ഥിതി ചെയ്യുന്നത്. ശൈത്യകാലമാരംഭിക്കുന്നതോടെ മൂന്നാറിലേക്കും ഇരവികുളത്തേക്കുമെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.