
അടിമാലി: അടിമാലി ടൗണിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ശക്തിയാർജ്ജിക്കുന്നു.ടൗണിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണമേറി വരുന്ന സാഹചര്യത്തിലാണ് കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വീണ്ടും ശക്തിയാർജ്ജിച്ചിട്ടുള്ളത്.കാമറകൾ സ്ഥാപിച്ചാൽ കുറ്റകൃത്യങ്ങളുടെ എണ്ണം കുറക്കാമെന്നതിനൊപ്പം കുറ്റകൃത്യങ്ങൾ സംബന്ധിച്ച് തെളിവുകൾ ലഭിക്കാൻ പൊലീസിനും സഹായകരമാകും.ഹിൽഫോർട്ട് ജംഗ്ഷനിൽ നടന്ന കൊലപാതകവും മന്നാങ്കാലായിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നതും മുറിയിൽ ഉറങ്ങി കിടന്നിരുന്നയാളിന്റെ പണവും ഫോണും കവർന്നതും അടിമാലി ബസ് സ്റ്റാൻഡിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നതും സമീപനാളുകളിലാണ്.കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ പൊലീസിന് പലപ്പോഴും തെളിവിലേയ്ക്ക് സൂചന നൽകുന്നത് സ്വകാര്യ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ്.ടൗണിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചാൽ പൊലീസിന് വേഗത്തിൽ കുറ്റവാളികളിലേക്കെത്താൻ സാധിക്കും.ദേശിയപാതയിൽ നേര്യമംഗലം മുതലുള്ള ഭാഗത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന കാര്യത്തിലും പുരോഗതി ഉണ്ടായിട്ടില്ല.