അടിമാലി: മരുന്ന് വാങ്ങാൻ പണമില്ലെന്ന് പറഞ്ഞ് ആദിവാസി യുവാവ് വൈദ്യുതി പോസ്റ്റിൽ കയറി അത്മഹത്യാ ശ്രമം നടത്തി. ഇളംബ്ലാശ്ശേരി ആദിവാസി കോളനിയിലെ ആരുൺകുമാറാണ് (ചാപ്പൻ 25) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ഇരുമ്പുപാലം ടൗണിലാണ് സംഭവം. വൈദ്യുതി പോസ്റ്റിലേക്ക് കയറുന്നത് കണ്ട് ഇവിടെയുണ്ടായിരുന്ന വൈദ്യുതി വകുപ്പ് ജീവനക്കാർ ലൈൻ ഓഫ് ചെയ്ത് അപകടം ഒഴിവാക്കി. എന്നാൽ പോസ്റ്റിൽ കയറിയ യുവാവ് ലൈനിൽ പിടിച്ചശേഷം താഴേക്ക് ചാടി ജീവനൊടുക്കുമെന്ന് പറഞ്ഞു. ഇതോടെ ജനംതടിച്ച് കൂടി. മരുന്ന് വാങ്ങാൻ പണമില്ലാത്തതിനാലാണ് താൻ വൈദ്യുതി പോസ്റ്റിൽ കയറിയതെന്ന് പറഞ്ഞു. പണം നൽകാമെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും യുവാവ് വഴങ്ങിയില്ല. ഇവിടെ ഉണ്ടായിരുന്ന ലൈൻമാൻ കുഞ്ഞുമോൻ പോസ്റ്റിൽ കയറിയാണ് യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കിയത്. പിന്നീട് യുവാവിനെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസിക പ്രശ്നമുള്ള ആളാണ് അരുൺകുമാറെന്ന് ബന്ധുക്കൾ പറഞ്ഞു.