കട്ടപ്പന: തമിഴ്‌നാട്ടിൽ നിന്ന് കഞ്ചാവുമായി എത്തിയ 17കാരൻ ഉൾപ്പെടെ നാലുപേരെ കമ്പംമെട്ടും പൊലീസും എക്‌സൈസും ചേർന്ന് പിടികൂടി. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ പ്രതികളിലൊരാൾ കഞ്ചാവുമായി ഓടിക്കയറിയത് കമ്പംമെട്ട് സ്റ്റേഷനിൽ. എറണാകുളം കൊച്ചുമഠത്തിൽ ആദർശ് ഷാജി(18), അടിമാലി ചാറ്റുപാറ ഇസ്ലാംനഗർ സബീർ റഹ്മാൻ(22), വെള്ളത്തൂവൽ സ്വദേശി ഞാറുട്ടിപ്പറമ്പിൽ വിനീത് സലിം(20) എന്നിവരും 17 വയസുകാരനുമാണ് ഇന്നലെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നു മൂന്നു കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. തമിഴ്‌നാട്ടിൽ നിന്നു രണ്ടു ബൈക്കുകളിലായാണ് കഞ്ചാവുമായി നാലുപേർ കമ്പംമെട്ടിലെത്തിയത്. അടിമാലിയിലേക്ക് കടത്താനായിരുന്നു ശ്രമം. ചെക്‌പോസ്റ്റിൽ പരിശോധനയ്ക്കിടെ തമിഴ്‌നാട് പൊലീസിനെ വെട്ടിച്ചുകടന്ന ബൈക്കുകൾ കേരള പൊലീസ് തടയാൻ ശ്രമിച്ചു. ഇതിനിടെ ഒരു ബൈക്ക് മറിഞ്ഞു. ഈ ബൈക്കിൽ വന്ന പ്രതികളിലൊരാളാണ് സ്ഥലം അറിയാതെ കഞ്ചാവുമായി കമ്പംമെട്ട് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. ഇതേ ബൈക്കിലുണ്ടായിരുന്ന രണ്ടാമത്തെയാളെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. നെടുങ്കണ്ടം ഭാഗത്തേയ്ക്ക് ഓടിച്ചുപോയ രണ്ടാമത്തെ ബൈക്കിൽ സഞ്ചരിച്ചിരുന്നവരെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. പ്രതികളെ കൊവിഡ് പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും. കമ്പംമെട്ട് സി.ഐ. ജി. സുനിൽകുമാർ, എസ്.ഐമാരായ പി.ജെ. ചാക്കോ, സി.ആർ മധു, വി.ആർ. ഹരിദാസ്, എസ്. സുലേഖ, സി.പി.ഒമാരായ പ്രദീപ് കുമാർ, കെ.പി. അജീഷ്, സുനീഷ് കുമാർ, സജിരാജ്, കെ. സജികുമാർ, സുധാകരൻ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ സോബിൻ മാത്യു, സിറിൾ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.