പൊൻകുന്നം : തപാൽ ബാലറ്റിനുള്ള പട്ടികയിൽ ഇടംപിടിച്ചെന്ന ആരോപണത്തെ തുടർന്ന് ആറ് കൊവിഡ് രോഗികളുടെ വോട്ടിനെ ചൊല്ലി തർക്കം. ചിറക്കടവ് പഞ്ചായത്ത് അഞ്ചാംവാർഡിലെ ബൂത്തായ പൊൻകുന്നം ഗവ.ഹയർസെക്കൻഡറി സ്‌കൂളിലാണ് എൽ.ഡി.എഫ് - ബി.ജെ.പി പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായത്. ബി.ജെ.പി അനുഭാവികളായ ആറുപേരാണ് പി.പി.ഇ കിറ്റ് ധരിച്ച് വോട്ടു ചെയ്യാനെത്തിയത്. ഇവർക്ക് തപാൽവോട്ട് ലഭിക്കുമെന്നും അതിനാൽ ബൂത്തിൽ വോട്ടുചെയ്യേണ്ടതില്ലെന്നും ഇടതുമുന്നണി പ്രവർത്തകർ വാദമുന്നയിച്ചു. തപാൽബാലറ്റ് ഇതുവരെ ലഭിച്ചില്ലെന്ന് വോട്ടർമാർ അറിയിച്ചു. പട്ടികയിൽ ഇവരുള്ളതിനാൽ അടുത്തദിവസം ബാലറ്റ് വീട്ടിലെത്തുമെന്നും ആ വോട്ടുകൂടി ഇവർ രേഖപ്പെടുത്താനിടയുണ്ടെന്നുമാണ് തടസമുന്നയിച്ചവരുടെ വാദം. ഇതിൽ ഒരാൾക്ക് ബാലറ്റ് ഇതിനകം ലഭിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ഒരുമണിക്കൂർ നേരത്തെ തർക്കത്തിനൊടുവിൽ ഇവർക്ക് തപാൽബാലറ്റ് ലഭിച്ചാൽ വോട്ട് ചെയ്യില്ലെന്ന് ഉറപ്പുനൽകി. പിന്നീട് ആറുപേരും വോട്ടുചെയ്തു.