ചങ്ങനാശേരി : അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളുമായി കൂട്ടിയിടിച്ചു. ഇന്നലെ വൈകിട്ട് ആറോടെ മോർക്കുളങ്ങര ബൈപ്പാസിലായിരുന്നു സംഭവം. പരിക്കേറ്റവരെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാത്ര ഭാഗത്തു നിന്ന് അമിത വേഗത്തിൽ എത്തിയ കാർ ടിപ്പർ ലോറിയെ മറികടക്കുന്നതിനിടയിൽ റോഡരികിൽ നിറുത്തിയിട്ടിരുന്ന കാറിൽ ഇടിച്ചശേഷം എതിർ ദിശയിൽ എത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ഒരു കാർ സമീപത്തെ മരത്തിൽ ഇടിച്ച് തലകീഴായ് മറിഞ്ഞു. മറ്റൊരു വാഹനം ഓടയിലേക്ക് തെന്നിമാറി. ചങ്ങനാശേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.