
കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ പോളിംഗ് കഴിഞ്ഞ വർഷത്തേക്കാൾ ആറ് ശതമാനത്തോളം കുറഞ്ഞു. കഴിഞ്ഞ വർഷം ജില്ലയിൽ 79.04 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ ഇക്കുറിയത് 73.89 ശതമാനമായി. രണ്ടാം ഘട്ടം വോട്ടെടുപ്പ് നടന്ന മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറ്റവും കുറവ് പോളിംഗ് നടന്നതും കോട്ടയത്താണ്.
രാവിലെ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയതെങ്കിലും പിന്നീട് താഴുകയായിരുന്നു. എന്നാൽ ഇടതു പക്ഷത്തിന് സ്വാധീനമുള്ള മേഖലകളിൽ വോട്ടിംഗ് ശതമാനം ഉയർന്നുവെന്നത് ശ്രദ്ധേയമാണ്. നഗരസഭകളിൽ ഈരാറ്റുപേട്ടയിലും ബ്ളോക്ക് പഞ്ചായത്തിൽ വൈക്കത്തുമാണ് കൂടിയ പോളിംഗ് രേഖപ്പെടുത്തിയത്. രണ്ടിടത്തും 80 ശതമാനത്തിന് മുകളിലാണ് പോളിംഗ്. കോട്ടയം നഗരസഭയിലെ രണ്ട് വാർഡുകളിൽ പ്രവർത്തകർ തമ്മിലുണ്ടായ തർക്കം നേരിയ സംഘർഷത്തിന് കാരണമായതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മൂന്നിടങ്ങളിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്ന പരാതിയുണ്ടായി. ചിലയിടങ്ങളിൽ വോട്ടിംഗ് മെഷ്യൻ പണിമുടക്കിയെങ്കിലും പെട്ടെന്ന് തകരാർ പരിഹരിച്ചു.പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും തങ്ങളുടെ വോട്ടുകളെല്ലാം പെട്ടിയിൽ വീണെന്ന ആത്മവിശ്വാസത്തിലാണ് ഇരുമുന്നണികൾ.