കുമരകം : നൂറ്റി ഒന്നാം വയസിലും മാധവൻ പതിവ് തെറ്റിച്ചില്ല. കരീമഠം കൂരിച്ചാലിൽ മാധവൻ എന്ന ആദ്യ കാല കമ്യൂണിസ്റ്റ് പ്രവർത്തകൻ തിരെഞ്ഞെടുപ്പിൽ ഇന്ന് വരെ വോട്ട് ചെയ്യാതിരുന്നിട്ടില്ല. കൊവിഡ് കാലമായതിനാലും വള്ളത്തിൽ കയറി പേളിംഗ് സ്റ്റേഷനിൽ എത്തേണ്ട ബുദ്ധിമുട്ടും കരുതി മക്കൾ ഇത്തവണ വോട്ട് ചെയ്യുന്നതിൽ നിന്ന് അദ്ദേഹത്തേ വിലക്കി. എന്നാൽ പഴയ കർഷക സമര പോരാളിയ്ക്ക് പ്രായാധിക്യം തടസമായില്ല, വോട്ട് ചെയ്ത് തീരൂ എന്ന മാധവന്റെ വാശിക്ക് മുന്നിൽ കുടുബാംഗങ്ങളും വഴങ്ങി. ഓര് വെള്ളം തടയുന്നതിനായി തോടിന് മുട്ട് ഇട്ടതിനാൽ ഇരുവശങ്ങളിലും എത്തിച്ച രണ്ട് വള്ളങ്ങളിൽ കയറി ഇറങ്ങി ബന്ധുക്കളുടെ സഹായത്തോടെ പോളിംഗ് സ്റ്റേഷനിലെത്തി. പ്രായം തളർത്താത്ത ആവേശത്തോടെ വോട്ട് ചെയ്ത ശേഷം ചുറ്റും കൂടിയവരോട് ആദ്യകാല തിരെഞ്ഞെടുപ്പ് വിശേഷങ്ങളും പങ്കുവച്ചു.