അടിമാലി: വ്യാപാര സ്ഥാപനത്തിന്റെ വരാന്തയിൽ ഇഷ്ടിക കൊണ്ട് മദ്ധ്യവയസ്‌കനെ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പനംകുട്ടി ചുള്ളംകുഴിയിൽ ഏലിയാസിനെയാണ് (56) അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിലായിരുന്ന ഇയാൾ ഹൃദ്രോഗത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിത്സയിലായിരുന്നു. ഇന്നലെ ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ അഞ്ചിന് രാവിലെയാണ് ഹിൽഫോർട്ട് ഹോട്ടലിന് എതിർവശത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് മാത്യുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് ബോധ്യപ്പെട്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഏലിയാസിനെ കസ്റ്റഡിയിലെടുത്തത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അടിമാലി സി.ഐ അനിൽ ജോർജിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.