vellom

ചങ്ങനാശേരി: മേഖലയിൽ പൈപ്പ് പൊട്ടൽ വ്യാപകമായി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വെള്ളം എല്ലായിടത്തേക്കും എല്ലാ ദിവസവും പമ്പ് ചെയ്തിരുന്നതിനാൽ പൈപ്പിലുണ്ടായ ലീക്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടില്ല. ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ഇത്തരത്തിലുള്ള പൊട്ടലിലൂടെ പാഴായത്.
ചങ്ങനാശേരി നഗരത്തിലും സമീപ പഞ്ചായത്തുകളിലും വ്യാപകമായ തോതിലാണ് വെള്ളം ദിവസങ്ങളോളം പാഴായത്. വാഴൂർ റോഡിൽ നടയ്ക്കപ്പാടം, കുരിശുംമൂട്, അസീസി റോഡ്, തൃക്കൊടിത്താനം, നാലുകോടി, ചങ്ങനാശേരി സെൻട്രൽ ജംഗ്ഷൻ കെ.എസ്.ആർ.ടി.സി. എന്നിവിടങ്ങളിലാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത്. പൈപ്പ് പൊട്ടലിന്റെ ആഘാതത്തിൽ ചങ്ങനാശേരി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു മുൻവശത്തെ റോഡിൽ മുൻപ് വലിയ കുഴി രൂപപ്പെട്ടിരുന്നു. ഇതിനു സമീപത്തായാണ് നിലവിൽ വെള്ളം പാഴായി ഒഴുകുന്നത്.
കൂടാതെ, മണർകാട് മാലം പോസ്റ്റ് ഓഫീസ് റോഡിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പൈപ്പ് പൊട്ടൽ പതിവാകുകയാണ്. പൈപ്പ് പൊട്ടലിന്റെ ഫലമായി റോഡിനു മധ്യഭാഗത്തായി കുഴിയും രൂപപ്പെട്ട നിലയിലാണ്. കുഴിയിൽ ചാടി അപകടത്തിൽപ്പെടാതിരിക്കാനായി നാട്ടുകാർ ചേർന്ന് കുഴിയിൽ അപായ സൂചനയും നല്കിയിട്ടുണ്ട്. ദിവസങ്ങളോളമായി പൈപ്പ് പൊട്ടിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ചിലയിടങ്ങളിൽ തുടർച്ചയായി പൈപ്പ് പൊട്ടൽ ഉണ്ടാകാറുണ്ട്. കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അടിയന്തരമായി പൈപ്പ് പൊട്ടൽ പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.