ചങ്ങനാശേരി :തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ചങ്ങനാശേരിയിൽ രണ്ട് കേന്ദ്രങ്ങൾ. 16ന് രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെണ്ണൽ നടത്തുന്നത്.ചങ്ങനാശേരി നഗരസഭയുടെ വോട്ടെണ്ണൽ കേന്ദ്രം നഗരസഭയിലും മാടപ്പള്ളി ബ്ലോക്കിന് കീഴിൽവരുന്ന അഞ്ച് പഞ്ചായത്തുകളുടെ വോട്ടെണ്ണൽ നടക്കുന്നത് ചങ്ങനാശേരി എസ്.ബി ഹൈസ്കൂളിലുമായിരിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലെ പോസ്റ്റൽ വോട്ടുകൾ അതാത് വരണാധികാരികളാണ് എണ്ണുക. വോട്ടെണ്ണൽ ആരംഭിക്കുന്നത് വാർഡ് ക്രമത്തിലായിരിക്കും. വാർഡിൽ ഒന്നിലധികം ബൂത്തുകൾ ഉണ്ടെങ്കിൽ അവ ഒരു ടേബിളിലാണ് എണ്ണുന്നത്. ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളിൽ ഒന്നു വീതവുമായിരിക്കും ഉണ്ടായിരിക്കുു. ഇവരെ കൂടാതെ, സ്ഥാനാർത്ഥികളുടെ ഏജന്റുമാരും ടേബിളുകളിൽ ഉണ്ടായിരിക്കും.
37 വാർഡുകളുള്ള ചങ്ങനാശേരി നഗരസഭയിൽ ആറ് ടേബിളുകളിലായി ആറ് റൗണ്ട് വോട്ടെണ്ണൽ നടത്തി ഫലപ്രഖ്യാപനം നടത്തും. മാടപ്പള്ളി,വാഴപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി പഞ്ചായത്തുകളിലെ 199 ബൂത്തുകളിലെ വോട്ടെണ്ണൽ 25 ടേബിളുകളിലായി എട്ട് റൗണ്ട് പൂർത്തിയാക്കി ഫലപ്രഖ്യാപനം നടത്തും. ഒരു റൗണ്ടിൽ 25 ബൂത്തുകളുടെ വോട്ടെണ്ണലാണ് ഇവിടെ നടക്കുന്നത്. ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണൽ പുരോഗതി ഉച്ചഭാഷിണിയിലൂടെ അറിയിക്കും. കൂടാതെ, ഇലക്ഷൻ കമ്മീഷന്റെ ട്രെൻഡ് സോഫ്റ്റ് വെയറിൽ തത്സമയം അപ് ലോഡ് ചെയ്യും. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള വിതരണ കേന്ദ്രങ്ങളിൽ നടക്കും.