jaivapachacurry

വൈക്കം : നെൽകൃഷിയും, പച്ചക്കറികൃഷിയും, മത്സ്യകൃഷിയും ആശ്രമം സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് മനപ്പാഠമാണ്. ഓരോ കൃഷിയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് വിദ്യാർത്ഥികൾ സ്വായത്തമാക്കി കഴിഞ്ഞു. കൃഷിയെക്കുറിച്ച് അറിവും പരിചയവുമുള്ള കർഷകരിൽ നിന്ന് നേടിയെടുത്ത കൃഷിരീതികളാണ് വിദ്യാർത്ഥികളുടെ നേട്ടം. ഏത് കൃഷി, എവിടെ, എപ്പോൾ, എങ്ങനെ എന്നതിനെക്കുറിച്ച് നേടിയ അറിവാണ് ഓരോ കൃഷിയുടെയും വിജയത്തിന് പിന്നിൽ. മണ്ണിന്റെ മണവും ഗുണവും അറിഞ്ഞ് കാലവും നേരവും നോക്കി വിത്ത് പാകിയാൽ അതിന്റെ വിളവ് എത്രയെന്ന് വിദ്യാർത്ഥികൾക്കറിയാം.

അതുകൊണ്ടാണ് ഓരോ കൃഷിയും പിഴവ് കൂടാതെ നടത്താൻ കഴിയുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം സ്‌കൂൾ പഠനത്തിൽ വിശ്രമം കിട്ടിയപ്പോൾ അതിനിടയിൽ കൃഷിയുടെ ബാലപാഠം മനസ്സിലാക്കാൻ കുട്ടികൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി. തലയാഴം പഞ്ചായത്തിൽ രണ്ട് ഏക്കർ പാടത്ത് നെൽകൃഷിക്ക് വിത്ത് പാകിയപ്പോൾ കൃഷിയിടം പച്ചപ്പണിഞ്ഞു. വിളവ് തരാൻ ഇനി ഏതാനും ആഴ്ചകൾ മാത്രം. തലയാഴം പഞ്ചായത്തിൽ തന്നെ നാല് ഏക്കർ സ്ഥലത്ത് നടത്തിയ പച്ചക്കറികൃഷിയും വിജയത്തിലേക്ക് കുതിക്കുന്നു. കപ്പ, പടവലം, വഴുതന, ചീര, വെള്ളിരി, വെണ്ട, പാവൽ, പയർ, തക്കാളി, ചേന, റാഡിഷ് വാഴ, മത്തൻ, കുമ്പളം, തണ്ണിമത്തൻ, കുക്കുംബർ എന്നീ ഇനങ്ങളാണ് വിളഞ്ഞ് വരുന്നത്. പഞ്ചായത്തിലെ പത്ത് സെന്റ് വീതം വരുന്ന രണ്ട് കുളങ്ങളിൽ തുടങ്ങിയ കരിമീൻ കൃഷിയും വിജയത്തിലാണ്. വിളവെടുക്കാൻ ഏതാനും മാസം മാത്രം. സ്‌കൂളിലെ സ്​റ്റുഡന്റ് പൊലീസ് കേഡ​റ്റ്, എൻ.എസ്.എസ് യൂണി​റ്റുകൾ, റെഡ് ക്രോസ്, ലി​റ്റിൽ കൈ​റ്റ്, അദ്ധ്യാപകർ, പി.ടി.എ എന്നീ വിഭാഗങ്ങളുടെ പിൻബലവും ശക്തിയും വിദ്യാർത്ഥികൾക്കുണ്ട്.

ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറൽ കൺവീനർ വൈ.ബിന്ദുവും, വിപണനമേള എസ്.എൻ ട്രസ്​റ്റ് ബോർഡ് മെമ്പർ ബിനി ബിനേഷും, കണിച്ചേരിമഠം ബാലുവും ചേർന്ന് നിർവഹിച്ചു. വൊക്കേഷണൽ ഹയർസെക്കൻഡറി പ്രിൻസിപ്പൾ ഷാജി ടി.കുരുവിള, പ്രഥമദ്ധ്യാപിക പി.ആർ.ബിജി, പി.ടി.എ പ്രസിഡന്റ് പി.പി.സന്തോഷ് എന്നിവർ നേതൃത്വം നൽകി. രണ്ടാംഘട്ട വിളവെടുപ്പ് 17 ന് നടക്കും.

ചീരകൃഷിയിൽ നിന്ന് 27,000

ചീരകൃഷിയിൽ മാത്രം 27,000 രൂപയുടെ വരുമാനം കിട്ടി. പീച്ചിൽ, കുക്കുമ്പർ എന്നിവയുടെ വിളവെടുപ്പും തുടങ്ങി. ആദ്യ വിപണനത്തിൽ ഈ വിഭാഗത്തിൽ ഇരുപതിനായിരം രൂപയുടെ വരുമാനം കിട്ടി. കൃഷി വഴി ലഭിക്കുന്ന വരുമാനം സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണ് ലക്ഷ്യം.