പാലാ: കന്നി വോട്ട് ചെയ്യാൻ മാത്രമായി അന്തർദ്ദേശീയ കായിക താരം ജന്മനാട്ടിൽ കുതിച്ചെത്തി. പോൾ വോൾട്ടിലെ അന്തർദ്ദേശീയ താരവും പാലാ ഏഴാച്ചേരി കരിങ്ങോഴയ്ക്കൽ കുടുംബാംഗവുമായ 21കാരി മരിയാ ജയ്‌സൺ ഇന്നലെ ഏഴാച്ചേരി സെന്റ് ജോൺസ് എൽ.പി. സ്‌കൂളിലെ ബൂത്തിലാണ് തന്റെ പ്രഥമ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇറ്റലിയിൽ നടന്ന വേൾഡ് പ്രീ യൂണിവേഴ്‌സിറ്റി മീറ്റാണ് മരിയ പങ്കെടുത്ത ഒടുവിലത്തെ മത്സരം. ഇതിനു മുമ്പ് മലേഷ്യയിൽ ഏഷ്യൻ സ്‌കൂൾ മീറ്റിലും, ബ്രസീലിൽ നടന്ന വേൾഡ് സ്‌കൂൾ മീറ്റിലും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഒളിമ്പിക്‌സ് സ്വപ്നവുമായി ബാംഗ്ലൂർ സായ് യിൽ വിദഗ്ധ പരിശീലനം തുടരുന്ന മരിയാ ജയ്‌സൺ ബാംഗ്ലൂരിൽ സതേൺ റെയിൽവേയിൽ ക്ലർക്കുമാണ്. ഏഴാച്ചേരി കരിങ്ങോഴയ്ക്കൽ ജയ്‌സൺ നൈസി ദമ്പതികളുടെ മകളാണ്. കുറച്ചു ദിവസം നാട്ടിൽ തങ്ങുന്ന മരിയ,പാലായിൽ കെ.പി സതീഷ് കുമാറിന്റെ കീഴിലും പോൾവോൾട്ട് പരിശീലനം തുടരുന്നുണ്ട്.