ചങ്ങനാശേരി: ഫലത്തിനായുള്ള കാത്തിരിപ്പ് തുടരുമ്പോൾ പോളിംഗ് ശതമാനം മുന്നണികളുടെ നെഞ്ചിടിപ്പേറ്റുകയാണ്. പോളിംഗ് ശതമാനം കുറഞ്ഞത് ചങ്ങനാശേരിയിൽ ആർക്ക് ഗുണകരമാകുമെന്നത് 16 വരെ കാത്തിരിക്കണം. 2015ൽ ചങ്ങനാശേരി നഗരസഭയിൽ 75.26 ശതമാനം പോളിങ്ങാണ് നടന്നതെങ്കിൽ ഇപ്പോൾ 71.22 ശതമാനമായി കുറഞ്ഞു. പഞ്ചായത്ത് തലത്തിൽ വാഴപ്പള്ളിയിൽ 68.66. (2015ൽ 73.97 ശതമാനം ), മാടപ്പള്ളിയിൽ 69.46 (74.84 ശതമാനം), കുറിച്ചിയിൽ 74.67 (77.18 ശതമാനം), പായിപ്പാട്ട് 73.59 (78.16 ശതമാനം ), തൃക്കൊടിത്താനത്ത് 70.27 (76.37 ശതമാനം) പോളിങ്ങുമാണ് നടന്നത്. ചങ്ങനാശേരിയിൽ പൊതുവെ പോളിംഗ് ശതമാനം കൂറഞ്ഞത് എൽഡിഎഫിന് അനുകൂലമാണെന്ന് സി.പി.എം ഏരിയ സെക്രട്ടറി കെ.സി ജോസഫ് പറഞ്ഞു. ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനത്തോടെ മേഖലയിലെ ഭൂരിപക്ഷ സീറ്റുകളും ഇടതുപക്ഷം പിടിച്ചെടുക്കുമെന്നും നഗരസഭ എൽഡിഎഫ് ഭരിക്കുമെന്നും കൂടുതൽ പഞ്ചായത്തുകളിൽ ഇടതുപക്ഷത്തിന് അനുകൂലമായിട്ടാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദേഹം പറഞ്ഞു.ചങ്ങനാശേരി നഗരസഭയിൽ യു.ഡി.എഫിന് തുടർ ഭരണം ഉണ്ടാകുമെന്നും മേഖലയിലെ ഭൂരിപക്ഷ പഞ്ചായത്തുകളിലും യു.ഡി.എഫ് ഭരണം തുടരുമെന്നും പോളിംഗ് ശതമാനം കൂറഞ്ഞത് തങ്ങൾക്ക് പ്രതീക്ഷ നൽകുന്നുവെന്നും യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എൻ നൗഷാദ് പറഞ്ഞു.
നഗരസഭയിൽ തങ്ങളുടെ സീറ്റുകളുെട എണ്ണം വർധിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടെ പഞ്ചായത്തുകളിൽ തങ്ങൾ വിജയിക്കുമെന്നും എൻഡിഎ നേതൃത്വം പറയുന്നു.