election

പൊൻകുന്നം : വോട്ടെടുപ്പും കണക്കെടുപ്പും കഴിഞ്ഞപ്പോൾ ജില്ലാ പഞ്ചായത്ത് പൊൻകുന്നം ഡിവിഷനിലെ മൂന്ന് മുന്നണിസ്ഥാനാർത്ഥികൾക്കും തോൽക്കാൻ മനസില്ല. മൂന്നുപേർക്കും തികഞ്ഞ വിജയപ്രതീക്ഷ. ഓരോ പഞ്ചായത്തിലും പരമാവധി വോട്ടുകൾ ചെയ്യിച്ചിട്ടുണ്ടോയെന്ന് പ്രവർത്തകരിൽ നിന്ന് കണക്കുകൾ ശേഖരിച്ച് വിജയസാദ്ധത വിലയിരുത്തലിലായിരുന്നു മൂവരും. എൽ.ഡി.എഫിലെ ടി.എൻ.ഗിരീഷ്‌കുമാർ, യു.ഡി.എഫിലെ എം.എൻ.സുരേഷ്ബാബു, എൻ.ഡി.എയിലെ സതീഷ് വാസു എല്ലാവർക്കും വിജയപ്രതീക്ഷ തന്നെ.

3000 വോട്ടിന്റെ ഭൂരിപക്ഷം
ഇടത് സ്ഥാനാർത്ഥി ടി.എൻ.ഗിരീഷ് കുമാർ തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി അഡ്വ.ഗിരീഷ്.എസ്.നായർക്കൊപ്പം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രധാന പ്രവർത്തകരുമായി ചർച്ച നടത്തി. പള്ളിക്കത്തോട്, ചിറക്കടവ് പഞ്ചായത്തുകളിലെ മരണ വീടുകൾ സന്ദർശിച്ചു. എല്ലാ പഞ്ചായത്തുകളിലും ലീഡ് ലഭിക്കുമെന്നും 3000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഗിരീഷ് കുമാർ പറഞ്ഞു.

2000 വോട്ടിന്റെ ഭൂരിപക്ഷം
യു.ഡി.എഫ് സ്ഥാനാർത്ഥി എം.എൻ.സുരേഷ് ബാബുവും ചർച്ചയുടെയും കണക്കെടുപ്പിന്റെയും തിരക്കിലായിരുന്നു. കഴിഞ്ഞ തവണ ഏറെ പുറകിൽ പോയ ചിറക്കടവ് പഞ്ചായത്തിൽ ഇത്തവണ മുന്നിലെത്തും. നെഗറ്റീവ് വോട്ടുകൾ ഒന്നുംഇല്ല. 2000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1500 വോട്ടിന്റെ ഭൂരിപക്ഷം
എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പിയിലെ സതീഷ് വാസു ഇന്നലെ രാവിലെ പ്രധാന പ്രവർത്തകരുമൊത്ത് ക്ഷേത്ര ദർശനം നടത്തി. പിന്നീട് പ്രവർത്തകരുമായി ചർച്ചയും രണ്ട് മരണവീടുകളിൽ സന്ദർശനവും നടത്തി. വാഴൂർ പഞ്ചായത്തിൽ നേരിയ വോട്ടിന് പുറകിൽ പോകാമെങ്കിലും ബാക്കി സ്ഥലങ്ങളിൽ ലീഡ് ലഭിക്കുമെന്നും 1500വോട്ടിന്റെ എങ്കിലും ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സതീഷ് വാസു പറഞ്ഞു.